തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്‌തുവെന്നും, സ്വതന്ത്രമായ തീരുമാനപ്രകാരമാണ് രാജിയെന്നും സജി ചെറയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വർഷത്തെ പൊതുപ്രവർത്തനത്തിൽ പുലർത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകൾ തെറ്റിധാരണ പടർത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടർത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സർക്കാരിന് അവമതിപ്പുണ്ടാക്കാൻ ഉപയോഗിക്കുകയാണ്. എന്നും ഭരണഘടനയെ ആദരിക്കുന്ന പൊതുപ്രവർത്തകനാണ്. ഇത് സംബന്ധിച്ച് നിയമസഭയിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്.
നിയമപരമായും രാഷ്‌ട്രീയമായും എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്. കോൺഗ്രസും ബിജെപിയും ഭണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിലെ പരാമർശങ്ങളെപ്പറ്റി മുഖ്യമന്ത്രി നിയമ ഉപദേശം തേടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് – സജി ചെറിയാൻ പറഞ്ഞു.