നിയമസഭയില്‍ ഇന്ന്‌ ; മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജന്‍, വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് ഹെലി ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലി ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. മൂന്നാര്‍ ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇതിനായി ഹെലിപാഡുകള്‍ നിര്‍മിക്കും. കനോലി കനാല്‍ കേന്ദ്രീകരിച്ചു കനാല്‍ സിറ്റി പദ്ധതി നടപ്പാക്കും. സ്വാതന്ത്യസമര കേന്ദ്രങ്ങളെയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളയും പ്രത്യേകിച്ചു മലപ്പുറം ജില്ലയിലെ കേന്ദ്രങ്ങളെ പ്രത്യേകം സര്‍ക്യുട്ടുകളാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗും നെഹ്‌റു ട്രോഫിയും പുനരാരംഭിക്കും.നിലമ്പൂര്‍ മണ്ഡലത്തില്‍ ചാലിയാറില്‍ ചാമ്പ്യന്‍സ് ലീഗിന്റെ അനുബന്ധപരിപാടി ഈ വര്‍ഷം നടക്കും.ഓണം വാരാഘോഷവും ടൂറിസം വകുപ്പ് ഇത്തവണ വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

സംസ്ഥാനത്ത് നാലു ജില്ലകള്‍ ഇ-ജില്ലകളായി : മന്ത്രി കെ.രാജന്‍

തിരുവനന്തപുരം : സംസ്ഥാനത്തു നാലു ജില്ലകള്‍ ഇതിനോടകം പൂര്‍ണമായും ഇ -ജില്ലകളായി മാറിക്കഴിഞ്ഞൂവെന്നു മന്ത്രി കെ.രാജന്‍. എല്ലാ റവന്യു സംവിധാനങ്ങളും കമ്പ്യുട്ടര്‍ വത്ക്കരിക്കുന്നതിന്റെ ഭാഗമായി റവന്യു ഓഫീസുകളില്‍ സുതാര്യവും നീതിപൂര്‍വവുമായ ഫയല്‍ നീക്കത്തിനായി ഇ ഓഫീസ് സംവിധാനം നടപ്പാക്കി വരികയാണ്. ലാന്റ് റവന്യു കമ്മിഷണറേറ്റ്, 14 ജില്ലാ കളക്‌ട്രേറ്റുകള്‍ , 27 ആര്‍ഡിഒ ഓഫീസുകള്‍, 62 താലൂക്ക് ഓഫീസുകള്‍, 309 വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ ഓഫീസ് സംവിധാനം നടപ്പാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഓരോ സ്‌കൂളുകളും രൂപീകരിക്കേണ്ട ദുരന്തനിവാരണ പ്ലാനുകള്‍ കുട്ടികളുമായി ചേര്‍ന്നു നിര്‍മ്മിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂണിസെഫുമായി ചേര്‍ന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത സാക്ഷരതയ്ക്കുള്ള അനിമേഷന്‍ വീഡീയോകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. എന്‍എസ്എസ് പോലുള്ള ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനങ്ങള്‍ നടപ്പാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എല്ലാ വര്‍ഷവും ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്താറുണ്ട്. കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പോലുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ദുരന്ത നിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കു തൊഴിലിടങ്ങളില്‍ പീഡനം നേരിട്ടാല്‍ സഹജ പോര്‍ട്ടല്‍ വഴി പരാതിപ്പെടാം : മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : സിനിമാ രംഗത്തെ സ്ത്രീകള്‍ക്കു തൊഴിലിടങ്ങളില്‍ പീഡനം നേരിട്ടാല്‍ സഹജ പോര്‍ട്ടല്‍ വഴി പരാതിപ്പെടാമെന്നു മന്ത്രി വി. ശിവന്‍കുട്ടി. പരാതിക്കാരുടെ പേരു വെളിപ്പെടുത്തില്ല. സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് വനിത കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ 180042555215 എന്ന ടോള്‍ഫ്രീ നമ്പറില്‍ നേരിട്ട് വിളിച്ച് അറിയിക്കാം. പരാതിക്കാരിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് നല്‍കുകയും ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥനു പരാതി കൈമാറുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ല : മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി. അസംഘടിത തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ല. നിലവില്‍ ഈ വിഭാഗം തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ; കാലാവധി ദീര്‍പ്പിക്കാന്‍ സമിതി അപേക്ഷ സമര്‍പ്പിച്ചു : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം സമര്‍പ്പിക്കാന്‍ സമിതിയുടെ കാലാവധി 2022 സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ ചെയര്‍മാന്‍ അപേക്ഷ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം എത്രയും പെട്ടെന്നു സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരത്തെ വിവിധ ഘട്ടങ്ങളിലായി സമിതിയുടെ കാലാവധി 2022 ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുന്ന സാഹചര്യത്തില്‍ പല കാര്യങ്ങളിലും കുറെക്കൂടി ആഴത്തിലുള്ള പരിശോധന ആവശ്യമായി വരുന്നതിനാലാണു സമിതി സമയ പരിധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ഥിര അധ്യാപകരുടെ കുറവു പഠന നിലവാരത്തെ ബാധിച്ചിട്ടില്ല : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ സ്ഥിര അധ്യാപകരുടെ കുറവു പഠന നിലവാരത്തെ ബാധിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി. സ്ഥിരം അധ്യാപകരുടെ അഭാവത്തില്‍ മതിയായ യോഗ്യതയുള്ളവരെയാണു താത്കാലികമായി നിയമിച്ചുവരുന്നതെന്നതിനാല്‍ പഠന നിലവാരത്തകര്‍ച്ചയുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ദേശീയ തലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ എട്ടാം ക്ലാസ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു കൂടി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ എട്ടാം ക്ലാസ് വരെയോ അല്ലെങ്കില്‍ ആറുമുതല്‍ 14 വയസ്സുവരെയോ ആണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനു കേന്ദ്രം നിശ്ചയിച്ച പ്രായ പരിധിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *