‘വിജയത്തിന്റെ രാജശില്പി കെ സി വേണുഗോപാൽ, മൂവരും ഒരേമനസോടെ പ്രവർത്തിച്ചു’

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ശില്പി കെ സി വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പത്തുകൊണ്ടായാലും ബുദ്ധികൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി അദ്ദേഹമാണ്. തിരഞ്ഞെടുപ്പിൽ ആളുകൊണ്ടും അർത്ഥംകൊണ്ടും നയരൂപീകരണത്തിലും തന്ത്രങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താൻ കെ സി വേണുഗോപാലിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കേരളത്തിൽ വളരെ വമ്പൻ വിജയമാണ് യുഡിഎഫിന് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം എൽഡിഎഫിന് കിട്ടിയില്ല. പിണറായി വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല, യുഡിഎഫ് വളരെ ഗംഭീരമായി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഒരേമനസോടെ യുഡിഎഫിനെ നയിച്ചു. ഘടകകക്ഷികളും സജീവമായി സഹകരിച്ചു.സതീശന് നല്ലരീതിയിൽ സാമൂഹ്യനീതിക്ക് അനുസൃതമായി ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കെ സി മോശക്കാരനല്ല. വിജയത്തിന്റെ രാജശില്പി അദ്ദേഹമായിരുന്നു. അദ്ദേഹം എംപിയായിരുന്നു. അദ്ദേഹം വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചു’- വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.