നിയമസഭയില്‍ ഇന്ന് ; മന്ത്രിമാരായ ആര്‍.ബിന്ദു, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ആന്റണി രാജു

സ്ഥിരം പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കി: മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം : കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു യോഗ്യരായവരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയെന്നു മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ചു ചില പരാതികള്‍ ഉയര്‍ന്നത് പരിശോധിച്ചു വരികയാണ്. കൂടുതല്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുന്ന കാര്യം സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചു നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ 2500 അധ്യാപകര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കി. പുതുതായി അധ്യാപനത്തിലേക്കു വരുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സാങ്കേതിക സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്‌കില്‍സ് രൂപീകരിക്കുന്നതു പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. സാങ്കേതിക വിദ്യാഭ്യാസത്തിനു കീഴിലുള്ള ബിടെക് കരിക്കുലം നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2022-23 അക്കാദമിക വര്‍ഷം എംടെക് കരിക്കുലം നവീകരിച്ചു. എപിജെ അബ്ദുള്‍കലാം ശാസ്ത്രസാങ്കേതി സര്‍വകലാശാലയ്ക്ക് സ്വന്തമായി പഠന ഗവേഷണ വകുപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പോളി ടെക്‌നിക്കുകളുടെ നിലവാരം ഉയര്‍ത്തുമെന്നു മന്ത്രി ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്തെ പോളി ടെക്‌നിക്കുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും കോഴ്‌സുകള്‍ വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നവീകരിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു മന്ത്രി ആര്‍.ബിന്ദു. ഇതിനായി ഒന്‍പതു നിര്‍ദേശങ്ങള്‍ നടപ്പാക്കി വരികയാണ്.
പോളി ടെക്‌നിക്കുകളില്‍ കണക്ട് കരിയര്‍ ടു ക്യാമ്പസ് പദ്ധതി ആഗസ്റ്റ് രണ്ടിന് ആരംഭിക്കാന്‍ പോവുകയാണ്. പദ്ധതി പ്രകാരം 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്നതു ലക്ഷ്യമിട്ടാണ് കെ ഡിസ്‌കിന്റേയും അസാപ്പിന്റേയും ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് മൂന്ന് പോളി ടെക്‌നിക്കുകള്‍ക്കു ദേശീയ അംഗീകാരം ഇതിനോടകം ലഭിച്ചതായും മന്ത്രി അപറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രമുഖ മാധ്യമമായ ഇന്ത്യാ ടുഡേയുടെ സര്‍വേ അംഗീകൃതമല്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ സര്‍വേയില്‍ രാജഗിരി കോളജ് മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദേശീയ തലത്തില്‍ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ കേരളത്തിലെ നാലു സര്‍വകലാശാലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആദ്യ നൂറില്‍ 17 കോളജുകളുമുണ്ട്. ഇന്ത്യാ ടുഡേയുടെ സര്‍വേ മാനദണ്ഡം നാഗരിക മേഖലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സ്വകാര്യ ഏജന്‍സി എന്ന നിലയില്‍ അവര്‍ക്ക് അവരുടേതായ മുന്‍വിധികളുണ്ടാകും. അതിനെ മാനദണ്ഡമായോ അംഗീകൃത വിലയിരുത്തലായോ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഹോര്‍ട്ടി കോര്‍പ്പിന്റെ 12 സ്വന്തം സ്റ്റാളുകള്‍ മാത്രമാണു ലാഭത്തില്‍ : മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : ഹോര്‍ട്ടി കോര്‍പ്പിന്റെ 12 സ്വന്തം സ്റ്റാളുകള്‍ മാത്രമാണു ലാഭത്തിലെന്നു മന്ത്രി പി.പ്രസാദ്. 126 സ്വന്തം സ്റ്റാളുകളും 188 ഫ്രാഞ്ചൈസികളുമാണു ഹോര്‍ട്ടികോര്‍പ്പിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോര്‍ട്ടികോര്‍പ്പിന്റെ വിറ്റുവരവില്‍ 52 ലക്ഷം നഷ്ടമുണ്ടായിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഹോര്‍ട്ടികോര്‍പ്പിലെ കര്‍ഷകര്‍ക്കുള്ള 21.25 കോടി വ്യക്തിഗത കുടിശിക നല്‍കി. കര്‍ഷക സംഘങ്ങളുടെ കുടിശിക എത്രയും വേഗത്തില്‍ കൊടുത്തു തീര്‍ക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
ആവശ്യത്തിലധികമുള്ള ജീവനക്കാരാണു ഹോര്‍ട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്ന കാര്യം സത്യമാണ്. ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചുവിടാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ജീവനക്കാരെ ഗ്രേഡ് ആക്കി തരം തിരിക്കുകയും ഘട്ടം ഘട്ടമായി ഒഴിവാക്കുകയും ചെയ്യും. ഈ പ്രതിസന്ധികള്‍ പഠിക്കാനും പരിഹരിക്കാനും പഠന സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഹോര്‍ട്ടികോര്‍പ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കേസുകള്‍ പോലിസിനും വിജിലന്‍സിനും കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

റബര്‍ ആക്ടു സംബന്ധിച്ച് ആശങ്കയുണ്ടെന്നു മന്ത്രി പ്രസാദ്

തിരുവനന്തപുരം : കേന്ദ്രത്തിന്റെ റബര്‍ ആക്ടിനെതിരെ സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി പി.പ്രസാദ്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഇടപെടലുകള്‍ നടത്തും. കാര്‍ഷിക മേഖലയില്‍ സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി ചുമത്തുന്നതു കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം : മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കു ജിഎസ്ടി ചുമത്തുന്നതു കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ ജിഎസ്ടി ചുമത്തുമ്പോള്‍ യൂണിയനുകളുടെ ഉല്‍പ്പന്നങ്ങളുടെ വില കുറയാന്‍ ഇടയാക്കും. ഇതു ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും കര്‍ഷകര്‍ക്കു നല്‍കുന്ന ആനൂകൂല്യങ്ങളില്‍ ഇതു പ്രതിഫലിക്കുകയും ചെയ്യും. മില്‍മ പ്രതി ദിനം ഏകദേശം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അപകട സാധ്യതയുള്ള അതിരൂക്ഷ ബ്‌ളാക് സ്‌പോട്ടുകള്‍ ദേശീയപാതയില്‍ : മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള അതിരൂക്ഷ ബ്‌ളാക് സ്‌പോട്ടുകള്‍ ദേശീയപാതയിലാണെന്ന് മന്ത്രി ആന്റണി രാജു. 159 ബ്‌ളാക് സ്‌പോട്ടുകളാണ് ദേശീയപാതകളിലുള്ളത്. സംസ്ഥാന ഹൈവേയില്‍ 51 ഉം മറ്റു റോഡുകളില്‍ 28 ഉം ഉള്‍പ്പടെ ആകെ 238 അപകട സാധ്യത മേഖലകളാണു സംസ്ഥാനത്തെ റോഡുകളിലുള്ളത്. ഇവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കേരള റോഡ് സുരക്ഷ അതോറിറ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *