തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ്ങിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ ആണ് സ്‌കൂളിലെത്തി പ്രിന്‍സിപ്പല്‍ റൂമിന് പുറത്ത് പ്രതിഷേധിച്ചത്. ആക്രമണം നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി എടുക്കുന്നില്ലെന്നാണ് പരാതി. ഈ വിഷയത്തില്‍ പ്രതികരിക്കാതെ പ്രിന്‍സിപ്പാള്‍ വിന്‍സെന്റ് ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാല്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള മന:പൂര്‍വ്വമായുള്ള ശ്രമമെന്നാണ് അധ്യാപക രക്ഷകര്‍തൃ സമിതിയുടെ ആരോപണം. ചെറിയ സംഭവത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പ്രദീപ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ചിരുന്നില്ല.