മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗിലെ കാറില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി; കാറിന്റെ എ.സിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണമെന്ന് സംശയം

കോട്ടയം: മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗിലെ കാറില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. അച്ഛന്റെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്.

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന് മുന്‍വശത്താണ്
കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലില്‍ പി എസ് അഖിലാണ്(31) മരിച്ചത്. കാറിന്റെ എ.സിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കുകയൊള്ളൂ.

ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊപ്പമായിരുന്നു അഖില്‍ ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖില്‍ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോള്‍ അമ്മ ഫോണില്‍ വിളിച്ചു.
മറുപടി കിട്ടാതെ വന്നതിനേ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് കാറില്‍ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടത്. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

കാറിന്റെ സ്റ്റിയറിങ്ങില്‍ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എ.സിയില്‍ നിന്നുള്ള കാര്‍ബണ്‍ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം.
ഗാന്ധിനഗര്‍ പോലീസ് ഈ മരണത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

.

Leave a Reply

Your email address will not be published. Required fields are marked *