ബിജെപിയെ നേരിടാന്‍ സംഘപരിവാറിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സിപിഎം സഹായം കോണ്‍ഗ്രിന് ആവശ്യമില്ല: കെ.സുധാകരന്‍ എംപി

നവലിബറല്‍ ആശയങ്ങളുടെ ഭാഗമായി വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സഹായം കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
തീവ്രപക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ നല്‍കിയ ബലത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സിപിഎമ്മിന് നഷ്ടമായ ഇടതുപക്ഷ മുഖം തുറന്ന് കാട്ടി ചിന്തന്‍ ശിബിരം മുന്നോട്ട് വെച്ച ആശയങ്ങള്‍ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുയെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന് നല്‍കിയ ഊര്‍ജ്ജവും കരുത്തും ദിശാബോധവും വലുതാണ്.
വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെയും ഫാസിസത്തെയും സന്ധിയില്ലാത്തവിധം ചെറുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം മുന്നോട്ടുവെച്ചത്.കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന് സമാന്തരമായി അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതിന്റെ അന്തസത്ത ശരിയായ വിധത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎമ്മില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍.പിണറായി വിജയന്‍ ചെയര്‍മാനും മരുമകനും കണ്ണൂരിലെ ചുരുക്കം നേതാക്കളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള കോര്‍പ്പറേറ്റ് കമ്പനിയാക്കി സിപിഎമ്മിനെ മാറ്റി.കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചാണ് സിപിഎം കേരള ഘടകത്തിന്റെ സഞ്ചാരം.ഗാന്ധിയന്‍-നെഹ്രൂവിയന്‍ ആശയങ്ങളില്‍ ഊന്നി സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും വലതുപക്ഷമാകാനാവില്ല. സംഘപരിവാറുകളുടെ തീവ്രവലതുപക്ഷ നിലപാടുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് യഥാര്‍ത്ഥ ഇടതുപക്ഷമാകാനും സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ പ്രസക്തി സിപി ഐ തിരിച്ചറിയുകയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കണമെന്ന ചരിത്ര വിഡ്ഢിത്തം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തവരാണ് സിപിഎമ്മെന്നും സുധാകരന്‍ പരിഹസിച്ചു.
അധികാരത്തിലെത്തുമ്പോള്‍ എല്‍ഡിഎഫിലെ ഘടക കക്ഷികളോട് ചിറ്റമ്മനയമാണ് എക്കാലവും സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഇത്തവണയും അതിന് മാറ്റമില്ല. സിപിഎം ഭരിക്കുന്ന വകുപ്പുകളിലെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിക്കാത്തവര്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കയ്യാളുന്ന വകുപ്പുകള്‍ക്കെതിരെ തിരിയുന്നത് അവരോടുള്ള സമീപനത്തിന്റെ ഭാഗമാണ്. പലരും കൊടിയ അപമാനം സഹിച്ചാണ് എല്‍ഡിഎഫില്‍ തുടരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷത്തിന്റെ വിജയം
ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തിരുത്താന്‍ തയാറായത് പ്രതിപക്ഷ നിലപാടിന്റെ വിജയമാണ്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന് 23-10-2019-ല്‍ മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് 31-10-2019 ല്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയത്. ജനവാസകേന്ദ്രങ്ങള്‍ ഇല്ലാതെ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്നാണ് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിലപാട് മാറ്റി 2019ല്‍ പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണ് ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് വഴിവച്ചത്. തൊട്ടടുത്ത തമിഴ്‌നാട് പോലും സീറോ ബഫര്‍ സോണാണ് നിശ്ചയിച്ചിരിക്കുന്നത്.
വിധിക്കെതിരെ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയേയോ വനംപരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ജൂണ്‍ 10 ന് കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എംപവേര്‍ഡ് കമ്മിറ്റിയെ സമീപിക്കണമെങ്കില്‍ 2019 ലെ മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ തിരുത്താന്‍ തയാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. ഇപ്പോഴെങ്കിലും തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നു.
യു.ഡി.എഫ് എം.പിമാര്‍ വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്. ഇനി ഒറ്റെക്കെട്ടായി കേരളത്തിന്റെ തീരുമാനം പരിസ്ഥിതി മന്ത്രാലയം വഴി സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനായി യു.ഡി.എഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ചികിത്സയ്ക്ക് പണം കിട്ടാതെ വീട്ടമ്മ മരിച്ചത് ദൗര്‍ഭാഗ്യകരം; കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്നത് സംസ്ഥാനത്തിന് അപമാനം
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂരില്‍ ഒരു വീട്ടമ്മ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് ഒരു ഉറപ്പും ഇല്ലാതാകുന്നത് നല്ലതല്ല. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കരുവന്നൂരില്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നതിന്റെ സൂചനയാണ് ചികിത്സയ്ക്ക് പണം ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം. സ്വത്തുക്കള്‍ വിറ്റ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിച്ചില്ലെന്നത് അപമാനകരമാണ്. കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടും പണം കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.