അന്തരിച്ച സി പി എം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജുവിൻ്റെ പേരില്‍ ഫണ്ട് തട്ടിപ്പ് ; നടപടിക്കൊരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം: സി.പി.എം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ അന്തരിച്ച നേതാവ് പി.ബിജുവിന്‍റെ പേരില്‍ ഡി.വൈ.എഫ്.ഐ പിരിച്ച ഫണ്ടില്‍ തിരിമറിയെന്ന് ആക്ഷേപം. തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവന്‍ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് ഡിവൈഎഫ്ഐ ജില്ലാ നേതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ഈ പരാതിയെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.
പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തിരിമറി വിവാദം ഉയര്‍ന്നിരിക്കുകയാണ്. പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്‍ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സി.പി.എം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. ഡി.വൈ.എഫ്.ഐ പാളയം ബ്ളോക്ക് കമ്മിറ്റി പിരിച്ച ഫണ്ടിലാണ് തിരിമറി ആരോപണം ഉയര്‍ന്നത്.
ഒരു വർഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. എന്നാല്‍ മേല്‍ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡൻ്റാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡി.വൈ.എഫ്.ഐയിലെ ഒരു വിഭാഗം സി.പി.എം നേതൃത്വത്തെ അറിയിച്ചു. മെയ് മാസം 7ന് ചേര്‍ന്ന സി.പി.എം പാളയം ഏരിയാകമ്മറ്റി യോഗത്തില്‍ ഉണ്ടായ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പല ഘട്ടമായി 1,3200 ത്തോളം രൂപ കുടി മേല്‍കമ്മറ്റിയില്‍ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്. അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം. ആരോപണത്തെ കുറിച്ച് നേതാവ് പ്രതികരിച്ചിട്ടില്ല. എതായാലും പ്രശ്നം അതീവ ഗൗരവമായാണ് സി.പി.എം കാണുന്നത് . ഉത്തരവാദികള്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.