ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലും വിവാദം;മുഖ്യമന്ത്രിയെ മന്ത്രി ജി.ആർ അനില്‍ അതൃപ്‌തി അറിയിച്ചു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലും വിവാദം. വകുപ്പ്‌ മന്ത്രി ജി.ആര്‍. അനിലിനെ പോലും അറിയിക്കാതെ ശ്രീറാമിനെ സപ്ലൈകോ ജനറല്‍ മാനേജരാക്കിയ നടപടിയില്‍ സി.പി.ഐ. കടുത്ത അതൃപ്‌തിയിലാണ്‌. പരാതി മന്ത്രി തന്നെ നേരിട്ട്‌ മുഖ്യമന്ത്രിയെ അറിയിച്ചതായാണു സൂചന.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്‌ടറാക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.  കഴിഞ്ഞ ദിവസമാണ്‌ ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ മാറ്റി സപ്ലൈകോ ജനറല്‍ മാനേജരായി നിയമനം നല്‍കിയത്‌. ഇതിനെതിരേയാണ്‌ മന്ത്രി ജി.ആര്‍. അനില്‍ തന്നെ രംഗത്തുവന്നത്‌. വിവാദത്തില്‍പ്പെട്ട വ്യക്‌തി വകുപ്പില്‍ വരുന്നത്‌ അറിയിക്കാത്തതിലും ചീഫ്‌ സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിലും മുഖ്യമന്ത്രിയെ മന്ത്രി അനില്‍ അതൃപ്‌തി അറിയിച്ചു.

സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്‌. ശ്രീറാമിന്‌ പകരം പട്ടികജാതി വികസനവകുപ്പ്‌ ഡയറക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജയെ ആലപ്പുഴ കലക്‌ടറായി നിയമിച്ചിട്ടുണ്ട്‌. പ്രളയകാലത്ത്‌ ആലപ്പുഴ സബ്‌ കളക്‌ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ കൃഷ്‌ണ തേജ.

കേരള മുസ്ലിം ജമാഅത്ത്‌ ശക്‌തമായ നിലപാട്‌ എടുക്കുകയും സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എ.പി. സുന്നി വിഭാഗം അതൃപ്‌തി അറിയിക്കുകയും ചെയ്‌തതോടെയാണ്‌ ശ്രീറാമിനെ കലക്‌ടര്‍ പദവിയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍ തയാറായതെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *