നടി മാല പാര്‍വതിയുടെ അമ്മ ഡോക്ടർ കെ.ലളിത വിടവാങ്ങി

തിരുവനന്തപുരം: പ്രമുഖ ഗൈനോക്കോളജിസ്റ്റും നടി മാല പാര്‍വതിയുടെ അമ്മയുമായ ഡോക്ടര്‍ കെ.ലളിത (85) വിടവാങ്ങി. പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും ഖാദി ബോര്‍ഡ് സെക്രട്ടറിയും വയലാര്‍ രാമവര്‍മ്മ സാഹിത്യ ട്രസ്റ്റിന്റെ സ്ഥാപാകംഗവും ദീര്‍ഘനാള്‍ സെക്രട്ടറിയുമായിരുന്ന പരേതനായ സി.വി.ത്രിവിക്രമനാണ് ഭര്‍ത്താവ്. കുമാരനാശന്റെ ജീവചരിത്രം എഴുതിയ സി.ഒ. കേശവന്റെയും ഭാനുമതി അമ്മയുടെയും മകളാണ് ലളിത. മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിഅമ്മ ആശാന്റെ മരണശേഷം 13 വര്‍ഷം കഴിഞ്ഞാണ് സി.ഒ.കേശവനെ വിവാഹം ചെയ്യുന്നത്. ആ വിവാഹത്തിലൂടെ പിറന്ന നാലു മക്കളില്‍ മൂത്തമകളാണ് ഡോ.ലളിത. 1946 ലാണ് ഡോ.ലളിത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്. എസ്എടി സൂപ്രണ്ടും ഗൈനക്കോളജി മേധാവിയായും സേവനമനുഷ്ഠിച്ചു. 1992 ലാണ് സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ്.കുമാരൻ, നടി മാലാ പാർവ്വതി എന്നിവരാണ് മക്കൾ.
അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് പ്രശസ്ത നാടക നടി കൂടിയായ മാലാ പാര്‍വതി. പഠനം പൂര്‍ത്തീകരിച്ചത് തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജ്,വിമന്‍സ് കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് . സൈക്കോളജിയില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ടെലിവിഷന്‍ അവതാരകയായി എത്തുന്നത്. ദൂരദര്ശന്, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു. ചലച്ചിത്രരംഗത്ത് നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.തുടര്‍ന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തന്, ഒരു കുപ്രസിദ്ധ പയ്യന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.