കിഫ്ബി കേസിലെ ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി,

കൊച്ചി: മസാല ബോണ്ട് കേസിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് വി ജി അരുൺ ആണ് ഹർജി പരിഗണിച്ചത്.
ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്ബി കോടതിയില്‍ പറഞ്ഞു. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തൽ ആണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ മാറ്റിയത്.
സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കമാണ് കോടതിയെ സമീപിച്ചത്. വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സി.ഇ.ഒ അടക്കമുള്ളവർക്ക് ഇ.ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപ്പൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർക്ക് പിന്നാലെയാണ് ഇ.ഡിയെന്നും പരാതിയുണ്ട്.