സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ആക്രമണം. ആനാവൂര്‍ നാഗപ്പന് വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മേലേത്തുമലയില്‍ സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ലാല്‍, സതീര്ഥ്യന്, എബിവിപി ജില്ലാ ഓഫീസ് സെക്രട്ടറി ഹരി ശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ചികില്‍സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു. സതീര്ത്ഥ്യനെ വഞ്ചിയൂര്‍ സംഘര്‍ഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.
സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ തിരുത്തലുമായി സര്‍ക്കാര്‍. വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കും. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി മതിയെന്നാണ് ധാരണ.
ലാവ്ലിന് കേസില്‍ സഹായം തേടിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിനു പിന്നില്‍ ഉണ്ടെന്നും മുനീര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉണ്ടാക്കിയ സിപിഎം -ബിജെപി ബാന്ധവം ഇതില്‍നിന്നു വ്യക്തമാണ്. മുനീര്‍ പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ പി.കെ ശശിക്കെതിരേ വിമര്‍ശനം. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് എ.കെ. ബാലന് പങ്കെടുത്ത യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
പത്തനംതിട്ട ജില്ലയില്‍ 38 സ്ഥലങ്ങളില്‍ റോഡില്‍ അപകട സാധ്യതയുള്ള കുഴികളുണ്ടെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒമാരാണ് സ്റ്റേഷന് പരിധിയിലെ കുഴികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. പിഡബ്ല്യൂഡി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി റോഡുകളിലെ കുഴികള്‍ ഇതില്‍ ഉള്‍പ്പെടും. റോഡുകളിലെ കുഴികളില്‍ കളക്ടര്‍മാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായി ഉപയോഗിക്കുന്ന ഹരിവരാസനം രചിച്ചതിന്റെ ശതാബ്ദിയായി. നൂറാം വാര്ഷികാഘോഷത്തിനു നാളെ പന്തളത്തു തുടക്കമാകും. നടയടയ്ക്കുന്നതിന്റെ അവസാനപടിയായി ഭഗവാനെ ഉറക്കുന്നതിനാണ് ഹരിവരാസനം പാടുന്നത്.
സിപിഎം ജില്ലാ കമ്മിററി ഓഫീസിനു നേരെയുണ്ടായ കല്ലേറില്‍ ബിജെപിക്കു പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് നാം കാണുന്നത്. പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നതിനനുസരിച്ച് പൊലീസ് പിടികൂടുന്നു. ഏകെജി സെന്റര്‍ ആക്രമണം ആവിയായി പോയോയെന്നും അദ്ദേഹം ചോദിച്ചു.
നവീകരണത്തിനു ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി. ബസിന്റെ മുകള്ഭാഗം പാലത്തിന്റെ മുകള്‍ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു.
വയനാട് മുട്ടില്‍ മരം മുറി നടന്ന മേപ്പാടി റേഞ്ചില്‍ വീണ്ടും മരംമുറി. ഗുരുതര വീഴ്ചയെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോയല്‍ തോമസ്. അനധികൃത മരംമുറി തടയാന്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശം നല്കി.
അമരവിള ചെക്പോസ്റ്റില്‍ 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മധുരൈ സ്വദേശി ഫൈസല്‍ അമീര്‍ (39) പിടിയിലായി. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസില്‍ കടത്തിയിരുന്ന പണമാണ് പിടികൂടിയത്.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് എറണാകുളം നെട്ടൂരില്‍ യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് പിരിയാരി സ്വദേശി അജയിനെ (25) പാലക്കാട്ടുനിന്ന് നെട്ടൂരിലെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. പാലക്കാട് പുതുശേരി സ്വദേശി സുരേഷിനെ അറസ്റ്റു ചെയ്തു. അടിച്ചുകൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
തെലുങ്കാനയിലെ മുന്‍ രാജ്യസഭാംഗം എംഎ ഖാന് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ആരോപിച്ചുകൊണ്ടാണ് രാജി.
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത സോറന്റെ നേതൃത്വത്തില്‍ മാറിത്താമസിച്ച എംഎല്‍എമാര്‍ തിരിച്ചെത്തി. വിശ്വാസ വോട്ടെടുപ്പുവരെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് – ജെഎംഎം സഖ്യതീരുമാനം. ഹേമന്ത് സോറനെ അയോഗ്യനാക്കി പ്രഖ്യാപിക്കുന്നതില്‍ ഗവര്‍ണറുടെ തീരുമാനം വൈകുകയാണ്.
നോയിഡയിലെ ഇരട്ട ടവര്‍ സ്ഫോടനത്തിലൂടെ ഇന്നു തകര്‍ക്കും. നിയമം ലംഘിച്ച് 29, 32 നിലകളിലായി നിര്‍മിച്ച ആയിരത്തോളം അപാര്‍ട്ടുമെന്റുകളുള്ള ഇരട്ട ടവര്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് പൊളിക്കുന്നത്. എറണാകുളം മരടില്‍ അഞ്ചു ടവറുകള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവര്‍ പൊളിക്കുന്നത്.
ഭോപ്പാലിലെ ഡിബി മാളില്‍ ജീവനക്കാര്‍ നമസ്കരിച്ചതിനെതിരേ ബജ്റംഗ്ദള്‍ ഹനുമാന് ചാലിസ ചൊല്ലി പ്രതിഷേധിച്ചു. വിവാദമായതോടെ മതപരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് മാള്‍ മാനേജ്മെന്റ് തീരുമാനിച്ചെന്നു പൊലീസ് പറഞ്ഞു.
ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വാരാണസിയില്‍ പ്രളയം. നദിയുടെയും പോഷകനദികളുടെയും തീരത്തുള്ള നിരവധി കാര്‍ഷിക, പാര്‍പ്പിട മേഖലകളില്‍ വെള്ളം കയറി. വാരാണസി എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാ മജിസ്ട്രേട്ടുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2300 കോടി ഡോളര്‍ മുടക്കി സജ്ജമാക്കിയ ചാന്ദ്ര ദൗത്യം ആര്‍ട്ടിമിസ് നാളെ വിക്ഷേപിക്കും. ചന്ദ്രനിലേക്കു ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ ആദ്യ പരീക്ഷണംകൂടിയാണിത്. 27 ടണ്‍ ഭാരം ചന്ദ്രനിലേക്ക് അയക്കാന്‍ ശേഷിയുള്ള റോക്കറ്റാണ് വിക്ഷേപിക്കുന്നത്.
യുഎസ് നാവികസേനയുടെ രണ്ടു പടക്കപ്പലുകള്‍ തായ്വാന് കടലിടുക്കില്‍. അമേരിക്കന്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന് സന്ദര്‍ശിച്ചതിനു പിറകേ മേഖലയില്‍ ചൈന- തായ്വാന് സംഘര്‍ഷത്തിനിടെയാണു സംഭവം. യുദ്ധക്കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയതില്‍ അസ്വാഭാവികത ഇല്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.
മതപാഠശാലകളെക്കുറിച്ചു തമാശ പറഞ്ഞതിന്റെ പേരില്‍ തുര്‍ക്കിയിലെ പോപ് താരം ഗുല്സന് അറസ്റ്റിലായി. ‘തുര്‍ക്കിയുടെ മഡോണ’ എന്നറിയപ്പെടുന്ന 46 കാരിയായ ഗായികയെ അറസ്റ്റു ചെയ്തതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്