എം ബി രാജേഷ് മന്ത്രിയാകും; എ എന്‍ ഷംസീര്‍ സ്പീക്കര്‍ പദവിയിലേക്ക്‌

തിരുവനന്തപുരം: സ്പീക്കർ എം.ബി രാജേഷിനെ എം.വി. ഗോവിന്ദന് പകരം മന്ത്രിയാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ സ്പീക്കറാകും.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ​എം.വി. ഗോവിന്ദൻ ചുമതലയേറ്റതിനെ തുടർന്ന് വന്ന ഒഴിവിലാണ് രാജേഷ് മന്ത്രിയാകുന്നത്. തൃത്താല എം.എൽ.എയാണ്. രാജേഷിന്റെ വകുപ്പ് ഏതാണെന്ന് അന്തിമ തീരുമാനമായിട്ടില്ല. 

തൃത്താലയില്‍നിന്ന് അട്ടിമറി ജയം നേടിയാണ് രാജേഷ് നിയമസഭയില്‍ എത്തുന്നതും സ്പീക്കറാകുന്നതും. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. 2009ലും 2014ലും എംപിയായ രാജേഷ് സാമ്പത്തിക ശാസ്ത്രത്തില്‍ എംഎയും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.

ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് തെരഞ്ഞെടുത്ത മികച്ച ഏഴ് പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു. ദ വീക്കിന്റെ മികച്ച യുവ പാര്‍ലമെന്റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്റെ മികച്ച പാര്‍ലമെന്റംഗത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ചു. എട്ട് പുസ്തകം പ്രസിദ്ധീകരിച്ചു. ചളവറ കയില്യാട് മാമ്ബറ്റ ബാലകൃഷ്ണന്‍നായരുടെയും എം കെ രമണിയുടെയും മകനാണ്. ഭാര്യ: ഡോ. നിനിത കണിച്ചേരി (കാലടി സംസ്കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍). മക്കള്‍: നിരഞ്ജന, പ്രിയദത്ത.

2011ല്‍ തലശേരി നിന്നും 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും ജയം നേടിയാണ് എ എന്‍ ഷംസീര്‍ നിയമസഭയില്‍ എത്തിയത്. തലശേരിയുടെ വികസനത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകന്‍. ഡോ പി എം സഹലയാണ് ഭാര്യ. മകന്‍: ഇസാന്‍.

Leave a Reply

Your email address will not be published. Required fields are marked *