കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കെപിസിസിയിൽ അഴിച്ചുപണി നടത്താൻ ആലോചന. സണ്ണി ജോസഫിന് പകരമായി നാല് പേരെ നേതൃത്വം പരിഗണിച്ചേക്കും. മന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കുന്നത്. ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതിനിടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.

ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയ സമ്പന്നനായ നേതാവെന്ന നിലയിൽ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ താൻ നേരിട്ട അവഗണനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. താൻ അനുഭവ സമ്പത്തുള്ള മുതിർന്ന നേതാവാണ്. അദ്ധ്യക്ഷനാകാൻ അർഹതയുണ്ടായിരുന്നിട്ടും തന്നെ മാറ്റിനിർത്തുന്ന സാഹചര്യമുണ്ടായെന്നും കൊടിക്കുന്നിൽ പറഞ്ഞു. സംവരണ മണ്ഡലങ്ങളിൽ പാർട്ടി നേടിയ വലിയ വിജയത്തെക്കുറിച്ചും കൊടിക്കുന്നിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അമർഷത്തിലും നിരാശയിലുമാണ്. ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി, പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്.

ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ വി.ഡി.സതീശൻ ഇന്നലെ പറവൂരിലായിരുന്നു. വീട്ടിലെത്തിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ചത്തെ ചർച്ചയ്ക്കു ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽ തങ്ങിയ ചെന്നിത്തല ഇന്നലെ വൈകിട്ട് മടങ്ങി.