ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ നടപടി  ; ഏഴ് പേർ സ്ഥിരം ജീവനക്കാർക്ക് സസ്പെൻഷൻ ,  നാല് താൽക്കാലിക ജീവനക്കാരെ  പിരിച്ചുവിടും : മേയർ ആര്യ രാജേന്ദ്രൻ

 

തിരുവനന്തപുരം :അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി. 

ചാല സർക്കിളിൽ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങൾക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കു. ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തിൽ ആ ജീവനക്കാർ  ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ ക്രൂരവും നിന്ദ്യവുമായ ഈ പ്രവർത്തി ചെയ്യാൻ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലന്ന് മേയർ അറിയിച്ചു.

11 പേരാണ് ഈ പ്രവർത്തിയിൽ ഏർപ്പെട്ടത്. അവരിൽ 7 പേർ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. ബാക്കി നാലുപേർ താൽക്കാലിക ജീവനക്കാരാണ്, അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തന്നെ തീരുമാനിക്കുകയും ചെയ്തു. 

ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതിക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുതെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *