തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ഈ മാസം ഏഴിനാരംഭിച്ച ‘ഭാരത് ജോഡോ’പദയാത്ര നാല് ദിവസത്തെ തമിഴ്നാട് പര്യടനം പൂര്‍ത്തിയാക്കി നാളെ കേരളത്തില്‍ പ്രവേശിക്കും.
തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.19 ദിവസം കേരളത്തിലൂടെ കടന്നുപോകും. അതിര്‍ത്തിയില്‍ ഗംഭീരസ്വീകരണമൊരുക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് തീരുമാനം.
ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്
11ന് രാവിലെ ഏഴിന് അതിര്‍ത്തിയായ പാറശാലയില്‍ സ്വീകരണമൊരുക്കും. പദയാത്രയായി 10.30ന് നെയ്യാറ്റിന്‍കര മാധവി മന്ദിരത്തില്‍ (ഡോ.ജി.ആര്. പബ്ലിക് സ്കൂള്‍) എത്തും. വൈകിട്ട് നാലിന് അവിടെ നിന്നാരംഭിച്ച് നേമത്ത് സമാപനം. വെള്ളായണി കാര്‍ഷിക കോളേജ് അങ്കണത്തിലാണ് രാത്രി വിശ്രമം.
12ന് രാവിലെ 7ന് നേമത്ത് നിന്നാരംഭിച്ച് 10.30ന് പട്ടം സെന്റ്മേരീസ് സ്കൂള്‍ അങ്കണത്തിലെത്തും. വൈകിട്ട് നാലിന് അവിടെ നിന്ന് യാത്ര തുടരും. 7മണിക്ക് കഴക്കൂട്ടം അല്‍സാജ് അങ്കണത്തില്‍ സമാപനം.
13ന് രാവിലെ 7ന് കഴക്കൂട്ടത്ത് നിന്ന് പുറപ്പെട്ട് 10.30ന് മാമത്ത് എത്തും. പൂജാ ഓഡിറ്റോറിയത്തില്‍ വിശ്രമം. വൈകിട്ട് നാലിന് തുടരുന്ന പദയാത്ര രാത്രി 7ന് കല്ലമ്പലത്ത് സമാപിക്കും.
14ന് രാവിലെ 7ന് ആരംഭിച്ച് പത്ത് മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്തെത്തും. കൊല്ലം ജില്ലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് സഞ്ചരിക്കുക. മലപ്പുറം വഴി കര്‍ണാടകത്തിലേക്ക് കടക്കും.