ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് മരണപ്പെട്ട മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ എത്തിച്ചിരുന്നില്ല. വര്‍ഷങ്ങളായി കോടിയേരിയുടെ പ്രവര്‍ത്തനമണ്ഡലമായ തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കാത്തത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് വിഷമത്തിനിടയാക്കി. പഠനകാലംമുതല്‍ തിരുവനന്തപുരത്തെത്തിയ കോടിയേരി പാര്‍ട്ടി നേതൃതലത്തിലെത്തിയശേഷം മുഴുവന്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചതും ഇവിടെയായിരുന്നു. മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ എകെജി സെന്ററിലും തലസ്ഥാനത്തും സൗകര്യമൊരുക്കാത്തതില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. മൃതദേഹവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടമാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.