ഗവര്‍ണര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം ഭരണഘടനാ പ്രതിസന്ധിയും ഭരണപ്രതിസന്ധിയും സൃഷ്ടിക്കും: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: സംസ്ഥാന ഗവര്‍ണര്‍ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും യുദ്ധപ്രഖ്യാപനം കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയും ഭരണപ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് ബിജെപി ദേശീയ നിര്വ്വഹാകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഗവർണ്ണർക്കെതിരായ യുദ്ധപ്രഖ്യാപനം ഭരണഘടനയോടും ഇന്ത്യൻ ഫെഡറൽ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. അതിനാല്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതെ മാന്യമായി ഗവർണ്ണക്കെതിരായ യുദ്ധത്തിൽ നിന്നും മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയും രാഷ്ട്രപതിയും സുപ്രീം കോടതിയും കേന്ദ്ര സർക്കാരും രാജ്ഭവനും തങ്ങൾക്ക് ബാധകമല്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
പിണറായി സര്‍ക്കാരിന്റെ നടപടികളെ നിയമപരമായും ഭരണഘടനാപരമായുമാണ് ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി തികച്ചും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.ഇതേ നിലപാടായിരുന്നു മുൻ മുഖ്യമന്ത്രിമാരായ കശ്മീരിലെ മുഫ്തി മുഹമ്മദ് സയിദും ഫാറൂഖ് അബ്ദുള്ളയ്ക്കുമെല്ലാം ഉണ്ടായത് ഇന്ന് അവരുടെ സ്ഥിതി എന്താണെന്നു കൂടി മനസ്സിക്കുന്നത് നല്ലതാണ്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ നിലപാടെടുത്തിരുന്നു. ഇവര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്ന് പിണറായിയും കൂട്ടരും പഠിക്കുന്നത് നന്നായിരിക്കും.
കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്നുകിടക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം ശമ്പളക്കമ്മീഷന് കോളജ് അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി 750 കോടി സംസ്ഥാനത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതിനെ കുറിച്ച് നിയമസഭയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ ലഭിച്ച ഉത്തരം കൃത്യമസയത്ത് പ്രപ്പോസല്‍ കൊടുത്തില്ലെന്നും കൊടുത്തപ്പോള്‍ അത് അപൂര്‍ണമായിരുന്നു എന്നും അതുകൊണ്ടാണ് ഫണ്ട് ലഭിക്കാതിരുന്നതെന്നുമാണ്. നിയമസഭയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയാണിത്. ഇങ്ങനെ സംസ്ഥാനത്തിന് ലഭിക്കേണ്ട 750 കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇന്ന് സംസ്ഥാനത്തെ മിക്ക കോളജുകള്‍ക്കും പ്രിന്‍സിപ്പല്‍മാരില്ല. പലയിടത്തും ഇന്ചാര്ജുമാരാണുള്ളത്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിയമിക്കാന്‍ യോഗ്യരായ മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാരില്ലാത്തതിനാലാണ് ഈ തസ്തികകള്‍ ഒഴിച്ചിട്ടത്. ഉന്നതവിദ്യാഭ്യാസരംഗത്ത് മാര്ക്സിസ്റ്റ്വല്കരണവും അഴിമതിവല്കരണവുമാണ് നടപ്പാക്കുന്നത്. ഇതിനെതിരെയുള്ള ജനകീയ പ്രതിഷേധം ഏറ്റുവാങ്ങാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. കേരളം ഒരു പ്രത്യേക റിപ്പബ്ളിക്കാണെന്ന് മുഖ്യമന്ത്രി കരുതരുതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.