ടിവികെ സർക്കാർ അനിശ്ചിതത്വം: പ്രവർത്തകൻ ആത്മഹത്യാ ശ്രമം നടത്തി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം ആശങ്കയുണ്ടാക്കി. തിരുനൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശിയായ ഇനക്കിയപ്പൻ (47) ആണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധികാരത്തിലെത്താൻ ടിവികെയ്ക്ക് വൈകുന്ന സാഹചര്യത്തിൽ മാനസികമായി തകർന്ന നിലയിലായിരുന്ന ഇനക്കിയപ്പൻ 30 ശതമാനം പൊള്ളലേറ്റതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
ടിവികെ വള്ളിയൂർ യൂണിയൻ വളണ്ടിയർ വിങ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഇനക്കിയപ്പൻ, തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും പാർട്ടിക്ക് ആവശ്യമായ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ എണ്ണിക്കാത്തിരുന്ന ഇദ്ദേഹം, ഫലം വന്ന് അഞ്ചാം ദിവസവും സർക്കാർ രൂപീകരണത്തിൽ വ്യക്തതയില്ലാതിരുന്നതിനെ തുടർന്ന് കടുത്ത തീരുമാനത്തിലേക്ക് പോയതായാണ് വിവരം.
ഇതിന് മുമ്പ് ഏകദേശം നാല് മാസം മുൻപ് വിജയ് ഭക്തനായ ഇദ്ദേഹം തന്റെ ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയതും ശ്രദ്ധ നേടിയിരുന്നു. വിജയ് മുഖ്യമന്ത്രിയായി കാണണമെന്ന ആഗ്രഹത്തിന്റെ ഭാഗമായിരുന്നു ആ പ്രവർത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന ടിവികെ ഭൂരിപക്ഷം ഉറപ്പിക്കാൻ ശ്രമം തുടരുകയാണ്. ഇടതുപാർട്ടികളും വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യ സർക്കാർ രൂപീകരണ സാധ്യതകൾ ചർച്ചയിലുണ്ട്.
ഇതിനിടെ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് രാജ്ഭവനിൽ നിന്ന് തിരിക്കുന്നതിനാൽ, അതിന് മുമ്പ് പിന്തുണ അറിയിക്കാനായില്ലെങ്കിൽ സർക്കാർ രൂപീകരണ പ്രക്രിയ വീണ്ടും നീളുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.