ജനങ്ങളുടെ സാമൂഹിക ജീവിതവും സ്വകാര്യ ജീവിതവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : കെ.സുധാകരന്, പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് പൗരവിചാരണ

തിരുവനന്തപുരം: ജനങ്ങളുടെ സാമൂഹിക ജീവിതവും സ്വകാര്യ ജീവിതവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
പിണറായിയുടെ ഏകാധിപത്യം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കുന്നതാണ് നല്ലതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. കെ.പി.സി.സി ആഹ്വാനം ചെയ്ത പൗരവിചാരണയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് സമാപനംകുറിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനുമുമ്പില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് . കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ ഏകാധിപത്യവാഴ്ച അംഗീകരിക്കില്ല. ജനങ്ങളുടെ സാമൂഹിക ജീവിതവും സ്വകാര്യ ജീവിതവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിലവര്‍ദ്ധനവിനെ നേരിടുന്നതില്‍ ഇതേവരെ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളസര്‍ക്കാര്‍ ഇതേവരെ ഒന്നും ചെയ്തിട്ടില്ല. പട്ടിണി കിടക്കാമെന്നുവച്ചാലും സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ഇപ്പോഴില്ല. എസ്.എഫ്.ഐക്കാരന്റെയും സി.ഐ.റ്റി.യുക്കാരന്റെയും പോലീസിന്റെയും ഗുണ്ടായിസം കാരണം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പോലീസ്സേന ക്രിമിനലുകളുടെ സങ്കേതമായി മാറിയിരിക്കുന്നു. മന്ത്രിയുടെ സെക്രട്ടറിയുടെ വാഹനത്തില്‍ സഞ്ചരിച്ച് മാനഭംഗശ്രമം നടത്തുന്ന സംസ്ഥാനമായി കേരളം മാറി. പോലീസ് സ്റ്റേഷനില്‍ സാധാരണക്കാരന് കയറുവാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല. ഇത്തരത്തിലുള്ള ആരോപണത്തിന് വിധേയനായ മറ്റൊരു മുഖ്യമന്ത്രി നമ്മുടെ രാജ്യത്തില്ല. മുഖ്യമന്ത്രി കൊള്ളക്കാര്‍ക്ക് കൂട്ടുനിന്ന് അവിഹിതായി ധനം സമ്പാദിക്കുന്ന ആളാണ്. പിണറായി വിജയന്റെ ഭരണം മകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനുവേണ്ടി മാത്രമാണ്. അഴിമതി ആരോപണങ്ങളുടെ ശരശയ്യയിലാണ് മുഖ്യമന്ത്രി. തോമസ് ഐസക്ക് അടക്കമുള്ള മൂന്ന് മുന്മന്ത്രിമാര് സ്വപ്നയോട് പെരുമാറിയ രീതിക്കുമുന്നില് കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. തോമസ് ഐസക്കിന്റെ കപടസദാചാര മുഖമാണ് വെളിച്ചത്തുവന്നത്. ഇന്നലെവരെ ബഹുമാനിച്ചതിന് ഞാന്‍ തോമസ് ഐസക്കിനോട്തന്നെ ക്ഷമചോദിക്കുന്നുവെന്നും സുധാകരന് പറഞ്ഞു. അഭിമാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നവരാണ് കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും ശ്രീരാമകൃഷ്ണനുമെങ്കില് സ്വന്തം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയെങ്കിലും സ്വപ്നക്കെതിരെ മാനനഷ്ടക്കേസ്കൊടുക്കാന് തയ്യാറാവണം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം വെളിവാക്കുന്ന പുസ്തകമാണ് സ്വപ്നസുരേഷിന്റെത്. മുഖ്യമന്ത്രിക്കെതിരെ അവര്‍ നടത്തിയ ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്. ആ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റവാളികളുടെ കുറ്റസമ്മതത്തിന് തുല്യമാണെന്നും കെ.സുധാകരന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത പൗരവിചാരണയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം ആശാന് സ്ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജിനുമുമ്പില്‍ വച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എത്തി ഡി.സി.സി പ്രസിഡന്റ് പാലോട് രവിയോടൊപ്പം മാര്‍ച്ചിന് നേതൃത്വം നല്കി. സെക്രട്ടേറിയറ്റിനുമുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ജെബിമേത്തര്‍ എം.പി, എന്‍.ശക്തന്, വി.പ്രതാപചന്ദ്രന്, കെ.പിശ്രീകുമാര്‍, മര്യാപുരം ശ്രീകുമാര്‍, ജി.എസ്.ബാബു, ജി.സുബോധന്‍, വി.എസ്.ശിവകുമാര്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആനാട് ജയന് സ്വാഗതം പറഞ്ഞു.
പാളയത്ത് ആശാന്‍സ്ക്വയറില്‍ നാല് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്ന്നതിനുശേഷമാണ് പ്രകടനമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. റ്റി.യു.രാധാകൃഷ്ണന്, റ്റി.ശരശ്ചന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, എം.എ.വാഹീദ്, മണക്കാട് സുരേഷ്, ആര്.സെല്‍വരാജ്, പി.കെ.വേണുഗോപാല്‍, ചെമ്പഴന്തി അനില്‍, ആറ്റിപ്ര അനില്‍, ഷിബാബുദ്ദീന്‍ കാര്യത്ത്, ആര്.വത്സലന്‍, സുധീര്‍ഷാ പാലോട്, സെയ്താലി കായ്പ്പാടി, ആര്.ലക്ഷ്മി എന്നിവരും ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.