കത്ത് വിവാദത്തില്‍ രണ്ടാം ദിനവും കോര്‍പ്പറേഷനില്‍ പ്രതിപക്ഷപ്രതിഷേധം ; പോലീസ് കാവലില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നഗരസഭാ ആസ്ഥാനത്തെത്തി

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധം. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ നഗരസഭാ ആസ്ഥാനത്തെത്തി. കനത്ത പോലീസ് അകമ്പടിയോടെയാണ് മേയര്‍ എത്തിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് മുറിക്ക് മുന്നില്‍ പ്രതിഷേധവുമായി ഇരപ്പ് സമരം തുടരവെയാണ് മേയര്‍ എത്തിയത്. പ്രധാന വഴിയില്‍ നിന്നും മാറി മറ്റൊരു വഴിയിലൂടെയാണ് പോലീസ് മേയറെ ഓഫീസിന് ഉള്ളില്‍ എത്തിച്ചത്. പരിചയമുളളവര്‍ക്ക് മാത്രം മേയറുടെ ഓഫീസ് മുറിയിലേക്ക് പ്രവേശനം അനുവദിച്ചു. പിന്നീട് പോലീസെത്തി ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി.
മേയറുടെ രാജി ആവശ്യപ്പെട്ട് മേയറുടെ വാഹനത്തിനു നേരെ കെഎസ്യു പ്രവര്‍ത്തകന്‍ കരിങ്കൊടി വീശി. മേയറുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.നഗരസഭാ ഓഫീസിലേക്ക് പോകാനായി മേയര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വീടിന് 200 മീറ്റര്‍ അകലെ മേയറുടെ വാഹനം മറ്റൊരാള്‍ തടഞ്ഞു. രണ്ട് മിനിട്ടിലധികമാണ് ഇയാള്‍ മേയറുടെ വാഹനം തടഞ്ഞിട്ടത്. പോലീസ് ബലംപ്രയോഗിച്ച് മാറ്റിയശേഷമാണ് മേയര്‍ക്ക് പോകാനായത്.