കോളേജ് വിദ്യാര്‍ത്ഥിനി അഭിതയുടെ മരണത്തില്‍ ദുരൂഹത; യുവാവ് നല്‍കിയ ശീതളപാനീയത്തില്‍ വിഷാംശമെന്ന് ബന്ധുക്കളുടെ പരാതി

അതിര്‍ത്തിപ്രദേശമായ കളിയിക്കാവിളയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സുഹൃത്തായിരുന്ന യുവാവ് നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്ക് വയറുവേദനയും അസ്വസ്ഥതയും ഉണ്ടായതെന്നാണ് പരാതി. കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ അഭിത (19) ആണ് മരിച്ചത്.


സംഭവത്തില്‍ യുവാവിനെതിരെ അഭിതയുടെ അമ്മ നിദ്രവിള പൊലീസില്‍ പരാതി നല്‍കി. അഭിതയും യുവാവും തമ്മില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ യുവാവ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഇരുവരും നേരില്‍ കണ്ടതിന്റെ അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന ആരംഭിച്ചത്. യുവാവ് ശീതളപാനീയം കുടിക്കാന്‍ നല്‍കിയിരുന്നതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. അഭിതയെ ഒഴിവാക്കാന്‍ യുവാവ് മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട കടുത്ത വയറുവേദനയെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് അഭിതയെ മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലാം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറില്‍ ആയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിദ്രവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *