ജാമ്യാപേക്ഷയുമായി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍….ഷാരോണ്‍ കൊല്ലപ്പെട്ടശേഷമാണ് മകളുമായി പ്രണയത്തിലാണെന്നറിഞ്ഞതെന്ന് ഹര്‍ജിയില്‍

ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇരുവരുടെയും വാദം. ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതികള്‍ പറയുന്നു.ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് പോലീസ് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തുടരുന്നത് ആരോഗ്യ സ്ഥിതി വഷളാക്കുമെന്നും ഇരുവരും ജാമ്യഹര്‍ജിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.