തിരുവനന്തപുരം : കോർപറേഷനു മുന്നിലെ യുഡിഎഫ് സമരവേദിയിൽ ശശി തരൂർ എംപി എത്തി.തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ ഈ സമരത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതെന്ന് ശശി തരൂർ സമരവേദിയിൽ വ്യക്തമാക്കി. കോർപറേഷനിലെ കത്തു വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് സമരവേദിയിൽവച്ച് തരൂർ ചൂണ്ടിക്കാട്ടി. ചിലർ അക്കാര്യം മറന്നുവെന്നും തരൂർ കുറ്റപ്പെടുത്തി.നവംബർ ഏഴിന് മേയറിന്റെ രാജി ആവശ്യപ്പെട്ട ആദ്യത്തെ എംപിയും ആദ്യത്തെ നേതാവും ഞാനാണ്. ഇത് അന്നത്തെ പത്രങ്ങളിലെല്ലാം വന്നതുമാണ്. അക്കാര്യം ചിലരെങ്കിലും മറന്നുപോയി. വ്യക്തമായ ആലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഞാൻ ആ നിലപാട് സ്വീകരിച്ചത്.
സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരായി ശശി തരൂർ നിലപാടെടുക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ്, കോർപറേഷൻ ഓഫിസിനു മുന്നിലെ യുഡിഎഫ് സമരവേദിയിലേക്ക് ശശി തരൂർ എത്തിയത്. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന സൂചനകൾക്കിടെ, കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരായ പടയൊരുക്കം ശക്തമാണ്. ഇതിന്റെ ഭാഗമായി, തരൂര്‍ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീർത്തിച്ചതും അദാനിയോടുള്ള സമീപനവുമൊക്കെ പാർട്ടിയിലെ എതിർപക്ഷം ചർച്ചയാക്കുന്നുണ്ട്.
മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്ന് തരൂർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത്തരം വിമർശനങ്ങൾക്കു മറുപടി നൽകുക കൂടി ലക്ഷ്യമിട്ടാണ് കോർപറേഷന് മുൻപിൽ ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തിൽ തരൂർ പങ്കെടുത്തത്.
ഇന്ന് 24–ാം തീയതിയായി. ആ നിലപാടിൽ എനിക്ക് യാതൊരു ഖേദവുമില്ലന്ന് തരൂർ വ്യക്തമാക്കി.