ഫുട്ബോള്‍ ലഹരി അതിരുവിടുന്നു, ബോധവല്‍ക്കരണത്തിനൊരുങ്ങി സമസ്ത

ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന് സമസ്ത. താരാരധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നല്‍കുമെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മാറുകയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
Also Read –
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍
ഇതില്‍ ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാര്‍ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികള്‍ എന്ന് പറയുന്ന സംഘടനകള്‍ പോലും ഇത്തരം ബോധവല്‍ക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘര്‍ഷമല്ല. തങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *