ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. മൂന്നാര്‍ ഇക്കാനഗറിലെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുളള വീടാണ് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. രാജേന്ദ്രന്‍ എംഎല്‍എ ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.
എസ് രാജേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ളത് ഉള്‍പ്പെടെ അറുപത് പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീട് സ്ഥിതി ചെയ്യുന്ന വസ്തു റവന്യൂ ഭൂമിയാണന്ന് അധികൃതര്‍ പറയുന്നു. ദേവികുളം സബ് കളക്ടര്‍ രഹുല്‍ കൃഷ്ണ ശര്‍മ്മയുടെ നിര്‍ദ്ദേശകാരമാണ് വില്ലജ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. 7 ദിവസങ്ങള്‍ക്കുള്ളില്‍ വീട് ഒഴിഞ്ഞു പോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു