വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ 3,000 പേര്‍ക്കെതിരെ കേസെടുത്തു; പ്രദേശത്ത് 1,000 പൊലീസുകാരെ വിന്യസിച്ചു

തുറമുഖ നിര്‍മ്മാണത്തിനെതിരെയുളള സമരത്തിനിടയില്‍ വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ കടുത്ത നടപടിയുമായി പൊലീസ്. പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷമുണ്ടായ പ്രദേശത്ത് ആയിരത്തിലേറെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഗുരുതരമായ കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘം പൊലീസ് സ്റ്റേഷന് ആക്രമിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസിനെ സമരക്കാര്‍ ബന്ദിയാക്കിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയച്ചില്ലെങ്കില്‍ പൊലീസുകാരെ കത്തിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് അക്രമിച്ചു. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.