തിരുവനന്തപുരം നഗരസഭയക്ക് പുരസ്കാരം ; സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2019-20, 2020-21 വര്‍ഷങ്ങളില്‍ ഇ-ഗവേണന്‍സ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
10 ഇ-ഗവേണന്‍സ് വിഭാഗങ്ങള്‍ക്കാണ് പുരസ്കാരം. കോവിഡ് മഹാമാരിയുടെ തീവ്രത കുറയ്ക്കുന്നതിന് നടത്തിയ ഐ.ടി. ഇടപെടലുകള്‍ പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി.
ഇ സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തിനുള്ള ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു. തിരുവനന്തപുരം നഗരസഭയുടെ, ഐ.ടി. സഹായത്തോടെ നടപ്പിലാക്കിയ, ജലവിതരണ ടാങ്കര്‍ നിയന്ത്രണ സംവിധാനമാണ് ഒന്നാം സ്ഥാനത്തിനര്‍ഹമായത്. കേരള ഹൈക്കോടതിയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫൈഡ് കോപ്പി സംവിധാനവും ഈ വിഭാഗത്തില്‍ അവരെ ഒന്നാം സ്ഥാനത്തിനര്‍ഹമാക്കി.
ഇ-സിറ്റിസണ്‍സ് സര്‍വീസ് ഡെലിവറി വിഭാഗത്തിലെ സ്ഥാനം കണ്ണൂര്‍ സര്‍വകലാശാലയും സംസ്ഥാന മത്സ്യവകുപ്പും പങ്കിട്ടു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ക്ഷീരവികസന വകുപ്പും മൂന്നാം സ്ഥാനത്തിനര്‍ഹരായി.
മൊബൈല്‍ ഗവേണന്‍സ് വിഭാഗത്തിലെ ഒന്നാം സ്ഥാനം കുടുംബശ്രീയും സംസ്ഥാന പോലീസും പങ്കിട്ടു. കുടുംബശ്രീയുടെ ‘ഗ്രാന്‍ഡ് കെയര്‍’ പ്രോജക്റ്റും സംസ്ഥാന പോലീസിന്റെ ‘പോല്‍’ ആപ്പുമാണ് ഒന്നാം സമ്മാനാര്‍ഹമായത്.
സൈബര്‍ ഗവേണന്‍സ് രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും മൂന്നാം സ്ഥാനം സംസ്ഥാന സു-മ്യൂസിയം വകുപ്പും നേടി.
ഇ-ലേണിംഗ് വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കറ്റ് സര്‍വകലാശാലയുടെ ഇ.എം.എം.ആര്.സിയും പങ്കിട്ടു. സെന്റ് കോളേജ് ഇരിഞ്ഞാലക്കുടയും സംസ്ഥാന മലയാളം മിഷനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയും തൃശൂര്‍ സി. അച്യുതമേനോന് ഗവണ്മെന്റ് കോളേജും ഈ ഭാഗത്തിലെ മൂന്നാം സ്ഥാനം പങ്കിട്ടു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ വെബ്സൈറ്റാണ് ഏറ്റവും നല്ല വെബ്സൈറ്റായി തെരഞ്ഞെടുത്തത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെയും സംസ്ഥാന പോലീസിന്റെയും വെബ് സൈറ്റുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കുടുംബശ്രീയുടെ വെബ്സൈറ്റാണ് മൂന്നാം സ്ഥാനത്തിനര്‍ഹമായത്.
സി. സരിത നേതൃത്വം കൊടുക്കുന്ന കോഴിക്കോട് പുഷ്പാ ജംഗ്ഷന് അക്ഷയ സെന്ററാണ് സംസ്ഥാനത്തിലെ ഏറ്റവും നല്ല അക്ഷയ സെന്റര്‍ ആയി തെരഞ്ഞെടുത്തത്. ശ്രേയ ശ്രീകുമാര്‍ നേതൃത്വം നല്കുന്ന കോട്ടയം കുരിശുമുട്ടം അക്ഷയ സെന്റര്‍ രണ്ടാം സ്ഥാനവും സിനി ജോര്‍ജ് നേതൃത്വം നല്കുന്ന എറണാകുളം ആലിന് ചുവട് അക്ഷയ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
പുതുതായി ഏര്‍പ്പെടുത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്കാരം മൂന്ന് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ഫാര്‍മേഴ്സ് ഫ്രഷസോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഒന്നാം സ്ഥാനവും ബി.പി.എം പവര്‍ പ്രൈവറ്റ് ലിമിറ്റഡിന് രണ്ടാം സ്ഥാനവും ടെസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി.
കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ഏറ്റവും നല്ല ഈ ഗവേണ്‍സ് ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്. വയനാട് ജില്ലാ രണ്ടാം സ്ഥാനം നേടി.
സാമൂഹിക മാധ്യമം ഭരണനിര്‍വഹണത്തിനു ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഒന്നാം സ്ഥാനം നേടി. കേരള പോലീസ് രണ്ടാം സ്ഥാനവും മലബാര്‍ കാന്‍സര്‍ സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇ ആരോഗ്യം ഇ മെഡിസിന് വിഭാഗത്തിലെ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും രണ്ടാം സ്ഥാനം സംസ്ഥാന ഹോമിയോപ്പതി വകുപ്പും നേടി.
കോഴിക്കോട് ജില്ലാ ഭരണകൂടമാണ് പുതുതായി ഏര്‍പ്പെടുത്തിയ കോവിഡ് പാന്‍ഡമിക് മാനേജ്മെന്റ് ഇന്നോവേഷന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്. മലബാര്‍ കാന്‍സര്‍ സെന്ററും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊച്ചി മെട്രോക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിനും ലഭിച്ചു.
മുന്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാസുന്ദര്‍രാജന്‍ ചെയര്‍പേഴ്സണ്‍ ആയുള്ള ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. സെബാസ്റ്റ്യന്‍ പോള്‍, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷന് ഡയറക്ടര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഷെര്‍ളി, കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ മീനപിള്ള, നാസ്കോം പ്രതിനിധി സുജിത്ത് ഉണ്ണി, ഐ. എം. ജി. പ്രൊഫസര്‍ ഡോ. എസ്. സജീവ് എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു. 2018ലെ അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.