സിപിഎമ്മിൽ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുംതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾക്കെതിരെയും പാർട്ടിയുടെ ശൈലിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. നേതാക്കളുടെ ഉള്ളിലുള്ള കാര്യങ്ങൾ പറയാൻ പറ്റാത്തവിധം സംഘടനാ സംവിധാനം മാറിയെന്നും അത് ആദ്യം തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പറയാനുള്ളത് പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണമെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ മനസ് പോലും എൽഡിഎഫിന് അനുകൂലമായിരുന്നില്ല. എല്ലാവരെയും തുറന്ന മനസോടെ കേൾക്കാൻ പാർട്ടി തയ്യാറാകണം. അതിനുള്ള അവസരങ്ങൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് ആദ്യം തിരുത്തൽ വേണ്ടത്.

നാല് മണിക്കൂറാണ് യോഗം നിശ്ചയിച്ചതെങ്കിലും പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ട് യോഗം അവസാനിപ്പിച്ചാൽ മതിയെന്ന് നേതാക്കൾ നിലപാടെടുത്തതോടെ 13 മണിക്കൂർ നീണ്ടു. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പതിവില്ലാത്തവിധം വിമർശനങ്ങൾ നേരിട്ടു.പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പ്രവർത്തന ശൈലി തിരുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്നുവരെ ആവശ്യപ്പെട്ടെന്നാണ് സൂചന.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവി ഗൗരവമേറിയതാണ്. ഇക്കാര്യം പ്രത്യേകം പരിശോധിക്കണം. സംഘടനാപരമായ കാര്യങ്ങളിൽ സെക്രട്ടറി ജാഗ്രത കാട്ടുന്നില്ല. ഇത് സ്വയം വിമർശനമായി പരിശോധിക്കണമെന്നും യോഗത്തിൽ ചർച്ചയായി.പതിവ് കാർക്കശ്യം വെടിഞ്ഞ് പിണറായി രാത്രി 11 മണിവരെ നീണ്ട യോഗത്തിൽ ഒമ്പത് മണിവരെ ഇരുന്നു. സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള കാര്യങ്ങളിൽ വ്യക്തിപരമായ ചില മറുപടികൾ നൽകിയതൊഴിച്ചാൽ പിണറായി ഒരു വിശദീകരണവും യോഗത്തിൽ നൽകിയില്ല.

മണ്ഡലം മാറ്റിപ്പരീക്ഷിച്ചതിൽ കെകെ ശൈലജ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. പിണാറായി മുഖ്യമന്ത്രിയായിരുപ്പോൾ അഴിമതി നടന്നിട്ടില്ലെങ്കിലും സ്വജനപക്ഷപാതം കാട്ടിയെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടുപ്പക്കാർ എന്തു തെറ്റു ചെയ്താലും ന്യായീകരിക്കുന്ന രീതി ചിലർ മുതലെടുത്തു. മുഖ്യമന്ത്രി ഇങ്ങനെ സംരക്ഷിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പിൽ ഇത് ദോഷകരമായി മാറുകയും ചെയ്തു.കീഴ്ഘടകങ്ങളിൽ ചർച്ച നടക്കുമ്പോൾ ഉപരികമ്മിറ്റിയിൽ നിന്നുള്ളവർ സമയത്തിന്റെ പേരിൽ തടസ്സമിടരുത്.

പ്രവർത്തകർക്ക് പറയാനുള്ളതെല്ലാം നേതാക്കൾ കേൾക്കണം. ജനറൽ സെക്രട്ടറി എം.എ.ബേബി ഈ ആവശ്യം അംഗീകരിച്ചു. വിശദ ചർച്ച നടക്കുമ്പോൾ ജില്ലാ കമ്മിറ്റി രണ്ടു ദിവസം ചേരണം. സംസാരിക്കാൻ സമയം നിശ്ചയിച്ചു നൽകുന്ന രീതി മാറണം. ജനങ്ങളുടെ വികാരം അതേരീതിയിൽ പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യണം. ആർക്കെതിരെയും വിമർശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി അംഗങ്ങൾക്ക് വേണമെന്നും ബുധനാഴ്ച ചേർന്ന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.