സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി രോഗികളുടെ ബന്ധുക്കളാല്‍ ആക്രമിക്കപ്പെടുന്നു. കേസ് നല്കിയാലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കി.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ 137 കേസുകളാണ് ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. ജസ്റ്റിസ് ദേവന്‍രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.