നിയമസഭയില്‍ ഇന്ന്

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ ടൂറിസം ക്ലബ് രൂപീകരിച്ചു വരുന്നു : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ കൂടി ടൂറിസം ക്ലബുകള്‍ രൂപീകരിച്ചു വരികയാണെന്നു മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി യുവാക്കളെ ഉള്‍പ്പെടുത്തി ലണ്ടനില്‍ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം ഉറപ്പാക്കാന്‍ സോളോ ട്രാവലര്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്. വനിതാ സംരംഭകര്‍, വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മാത്രമുള്ള ഹോംസ്റ്റേകള്‍ ഹോട്ടലുകള്‍ എന്നിവ 2023 ഓടെ സാധ്യമാക്കും. വനിതകള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ പ്രത്യേക മുറി അനുവദിക്കുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ടൂറിസത്തെ മികച്ചതാക്കാന്‍ കോഴിക്കോട് ബേപ്പൂരില്‍ സ്ഥാപിച്ച ഫ്ളോട്ടിംഗ്് ബ്രിഡ്ജ് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ സ്ഥാപിക്കും. ബീച്ചുകളില്‍ അഡ്വഞ്ചര്‍ ടൂറിസവും ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ടൂറിസം മേഖലകളില്‍ ശുചിത്വമുള്ള ശുചിമുറികളുടെ അപര്യാപ്തത പരാതികള്‍ക്ക് ഇടവരുത്തുന്നുണ്ട്. ഇതു പരിഹരിക്കും. സംസ്ഥാനത്ത് വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പില്‍ രാത്രികാല ടൂറിസം പദ്ധതി നടപ്പാക്കാന്‍ 2.63 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഹൈടെക് ലാബ് സംവിധാനം ആരംഭിക്കും : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : റോഡുകളുടെ ഗുണനിലവാര പരിശോധനയ്ക്കു ഹൈടെക് ലാബ് സംവിധാനം ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്.
റോഡ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങുന്നത് ഉറപ്പു വരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കും. സിനിമയ്ക്കു തിരക്കഥ എഴുതുന്നതു പോലെ ഓഫീസിലിരുന്നു ജോലി വിലയിരുത്തുന്ന സ്ഥിതിയുണ്ട്. ഉദ്യോഗസ്ഥര്‍ റോഡിലൂടെ സഞ്ചരിക്കണം. ഇതു മാന്വലിലും പറയുന്നുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം പരിശോധിക്കാന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു. ഇവര്‍ 45 ദിവസത്തിനുള്ളില്‍ 14 ജില്ലയിലും പരിശോധന നടത്തും. നല്ല നിലയില്‍ ജോലി ചെയ്യുന്ന കരാറുകാരെ സംരക്ഷിക്കും. അവര്‍ക്കു ബോണസ് ഏര്‍പ്പെടുത്താനും ബില്‍ പേയ്മെന്റ് വേഗത്തില്‍ ലഭിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനു കാര്യക്ഷമമായ ഡിസൈന്‍ ഇല്ലാത്തതു വകുപ്പു നേരിടുന്ന വെല്ലുവിളിയാണ്. കേരളത്തിന്റെ ഭൂപ്രകൃതി, മഴയുടെ പാറ്റേണ്‍ തുടങ്ങിയവ പരിശോധിച്ച് അനുയോജ്യമായ നിര്‍മാണ രീതികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. റോഡുകള്‍ ഡിസൈന്‍ഡ് റോഡുകളാക്കി മാറ്റി ദീര്‍ഘകാലം നിലനില്‍ക്കുന്ന നിര്‍മാണ രീതിയിലേക്കു മാറാനാണു പദ്ധതികള്‍ തയാറാവുന്നത്. ആവശ്യമായ പഠനനങ്ങള്‍ നടത്തിയ ശേഷമാണ് എല്ലാ നിര്‍മാണ രീതികളും അവലംബിക്കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ന്മാര്‍ റോഡിലിറങ്ങാതെ ഡിസൈന്‍ ചെയ്യുന്നതു വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനം: മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനമാണെന്നു മന്ത്രി വി.ശിവന്‍കുട്ടി. ജനസംഖ്യയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള നിരക്കാണിത്. 3.34 കോടി ജനങ്ങളില്‍ 27.32 ലക്ഷം പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയല്ലാതെ വ്യാപകമായി നിയമനങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിയമനത്തില്‍ കാലതാമസം മനഃപൂര്‍വം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമനവും ഒഴിവുകളും സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ലെന്നും മന്ത്രി പറഞ്ഞു.
കെ-റെയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ പേരില്‍ ക്രയവിക്രയങ്ങള്‍ക്കു തടസമില്ല : മന്ത്രി കെ.രാജന്
തിരുവനന്തപുരം : കെ-റെയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ പേരില്‍ കരമടയ്ക്കുന്നതിനോ ഭൂമി വില്‍ക്കാനോ, വായ്പയെടുക്കുന്നതിനോ, ക്രയ വിക്രയത്തിനോ തടസമില്ലെന്നു മന്ത്രി കെ.രാജന്. ഇത്തരം നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഭൂമിയേറ്റെടുക്കല്‍ ചട്ടം 4.1 പ്രകാരം നിലവില്‍ ഏറ്റെടുക്കല്‍ മാത്രമാണ് ഇപ്പോള്‍ നടത്തിയത്. ഇതിനു ശേഷം ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മഞ്ഞക്കുറ്റി എന്നതു സര്‍ക്കാരിന്റെ ഒരു അളവ് കോല് മാത്രമാണ്. തെറ്റായ പ്രചാരണമാണ് ഇതു സംബന്ധിച്ച് നടക്കുന്നത്. വില്പന, വായ്പയെടുക്കല്‍, കരമടയ്ക്കല്‍ എന്നിവയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും രജിസ്ട്രേഷന് ഐ.ജി, കോ-ഓപറേറ്റീവ് രജിസ്ട്രാര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു സാമൂഹികാഘാത പഠനം നടത്തിയത്. കോഴിക്കോട്ടെ എയിംസ്, പാലക്കാട്ടെ കോച്ച് ഫാക്ടറി എന്നിവയ്ക്കു കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേരത്തെ തന്നെ ഭൂമി ഏറ്റെടുത്തത്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന ഉദേശമാണ് ഇക്കാര്യത്തിലെല്ലാം സ്വീകരിച്ചത്.
നിലവില്‍ 4(1)പ്രകാരം സാമൂഹികാഘാത പഠനം മാത്രമാണ് നടന്നിരിക്കുന്നത്. ഇതില്‍ ഭൂമി ഏറ്റെടുക്കലില്ല. കെ-റെയില്‍ അവരുടെ കണ്ടിജന്‍സി ഫണ്ടായി 20.5 കോടി രൂപ റവന്യൂ വകുപ്പിനു നല്കി. ഇതില്‍ 12 ഓഫീസുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ 8.52 കോടി ചിലവഴിച്ചതായും മന്ത്രി രാജന് പറഞ്ഞു.