പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്ഡ് നടത്താന്‍ പോകുന്നെന്ന വിവരം ചോർന്നിരുന്നെന്ന് വിവരം. കഴിഞ്ഞ തവണ സി.ആര്.പി.എഫ് സഹായത്തോടെ നടന്ന റെയ്ഡ് ഇക്കുറി കേരളാ പൊലീസിന്റെ സഹായത്തോടെയാണ് നടന്നത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം.
12 മണിക്കൂര്‍ മുന്‍പ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എന്‍.ഐ.എ പോലീസിനെ അറിയിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോള്‍ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ രാവിലെ എന്‍.ഐ.എ. സംഘം വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.
പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പി.എഫ്.ഐയുടെ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റാഷിദിന്റെ വീട്ടിലും സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നിസാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട്ടിൽ നിന്ന് പോയിരുന്നുവെന്നാണ് ബന്ധുക്കൾ എൻ.ഐ.എയോട് വ്യക്തമാക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പുതിയ ജോലിയിൽ പ്രവേശിച്ചുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻ.ഐ.എ. സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പി.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം.