കേരളത്തില്‍ സിവില്‍ സര്‍വ്വീസിന്റെ അന്തക സര്‍ക്കാര്‍ -കെ. സുധാകരന്

തിരുവനന്തപുരം :
കേരളത്തിലിപ്പോള്‍ അധികാരത്തിലിരിക്കുന്നത് സിവില്‍ സര്‍വ്വീസിന്റെ അന്തക സര്‍ക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും ആനുകൂല്യ നിഷേധവും പി.എസ്.സി യെ അട്ടിമറിച്ചു കൊണ്ടുള്ള പിന്‍വാതില്‍ നിയമനങ്ങളുമൊക്കെ കേരളത്തിലെ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. കേരള എന്‍.ജി.ഒ അസോസിയേഷന്റെ 48-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലയിലും അഴിമതിയില്‍ മുങ്ങിയ ഒരു ഭരണകൂടമാണിന്ന് കേരളത്തിലുള്ളത്. സ്വര്‍ണ്ണക്കടത്തു കേസ്സില്‍ മുഖ്യമന്ത്രിയും കുടുംബവും ആരോപണവിധേയരായിട്ടും അന്വേഷിക്കുന്നില്ല. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയ്ക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ അപ്പാടെ തകര്‍ന്നിരിക്കുന്നു. കാര്‍ഷിക വ്യാവസായിക മേഖലകള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. കര്‍ഷക ആത്മഹത്യ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
മലയോര കര്‍ഷകജനത അപ്പാടെ കൂടിയിറക്കല് ഭീഷണിയിലാണ്. സില്‍വര്‍ലൈനിന്റെ പേരില്‍ പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കാന്‍ ശമിച്ചവര്‍ ഇപ്പോള്‍ ബഫര്‍സോണിന്റെ പേരില്‍ പാവങ്ങളെ ജനിച്ചു വീണ മണ്ണില്‍ നിന്നും നിഷ്ക്കരുണം പുറന്തള്ളാന്‍ ശ്രമിക്കുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ യു.ഡി.എഫ്. കര്‍ഷകരോടൊപ്പമാണ്. അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും.
ഭാരതം ജനാധിപത്യ പ്രസ്ഥാനങ്ങളെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന കാലഘട്ടമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ ഈ നാടിനെ ദുരിതക്കയത്തിലാഴ്ത്തിയിരിക്കുകയാണ്. സാധാരണക്കാരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു. ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരെ നിഷ്ക്കരുണം വേട്ടയാടുന്നു. മതേതരത്വവും പൗരത്വവും തെരുവില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഈ ഭൂമികയിലാണ് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി.
കഴിഞ്ഞ ഏഴരപതിറ്റാണ്ടായി നാം കെട്ടിപ്പടുത്ത മഹത്തായ ഭാരതത്തിന്റെ തിരുശേഷിപ്പുകള്‍ അന്യം നിന്നു പോകുകയാണ്. കൊളോണിയല്‍ ഭരണത്തിന്റെ സന്തതികളായ കോര്‍പ്പറേറ്റ് മോണോപ്പോളിയില് നിന്ന് രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടാതിരിക്കാന്‍ സ്വയം പര്യാപ്തമായ രാജ്യമായി നിലനിര്‍ത്താന്‍ വിഭാവനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ നിസ്സാരവിലക്ക് കോര്‍പ്പറേറ്റുകള്‍ക്ക് ദാനം ചെയ്യുകയാണ്. രാജ്യത്തിന്റെ അഭിമാന സ്തംഭമായിരുന്ന എയര്‍ ഇന്ത്യയെ ആസ്തിയടക്കം വിറ്റഴിച്ചത് നമ്മള് കണ്ടതാണ്. ലോകത്തിലെ എറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുന്നു. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പികള്‍ 5 ജി യുഗത്തിലേയ്ക്ക് മുന്നേറുമ്പോള്‍ ബി.എസ്.എന്‍.എല്‍ 4ജി ആകാന്‍ കിതയ്ക്കുകയാണ്. മോദി-അമിത്ഷാ-അംബാനി-അദാനി കൂട്ടുകെട്ട് ഈ നാടിനെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.
എട്ടു വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തില്‍ യുവാക്കള്‍ നിരാശരാണ്. ഏറ്റവും അധികം തൊഴില്‍ രഹിതരായ അഭ്യസ്ത വിദ്യരുള്ള രാജ്യമായി ഭാരതം മാറിക്കഴിഞ്ഞു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ അഞ്ച് ലക്ഷത്തോളം തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. പൊതുമേഖലയിലെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീതിയിലാണ്.
മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ ഭരണകാലത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കിയിരുന്ന വിവരസാങ്കേതിക രംഗത്താകട്ടെ പിരിച്ചുവിടല്‍ ഉത്സവമാണ്. പടിയിറങ്ങിപ്പോകുന്ന ജീവനക്കാരന്റെയും കുടുംബത്തിന്റെയും കണ്ണീരിന്റെ നനവില്‍ കോര്‍പ്പറേറ്റുകള്‍ ലാഭത്തിന്റെ പച്ചനോട്ടുകള്‍ എണ്ണുകയാണ്. അസംഘടിത തൊഴില്‍ മേഖലയില്‍ പട്ടിണി മരണങ്ങള് പെരുകുകയാണ്. തൊഴിലിനായി യുവാക്കള്‍ തെരുവിലേയ്ക്കിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
രാജ്യത്തിന്റെ സമ്പത്ത് നൂറോളം വരുന്ന ശതകോടീശ്വരന്മാരിലേയ്ക്ക് കേന്ദ്രീകരിക്കുമ്പോള്‍ രാജ്യം ആഗോളപട്ടിണി സൂചികയില്‍ ബംഗ്ലാദേശിനും പുറകിലേയ്ക്ക് പോകുകയാണ്. രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റ് മുതലാളികളും തമ്മിലുള്ള അന്തരം കുറയുമ്പോള്‍ അസമത്വത്തിന്റെ കാഹളധ്വനിയാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്.
മതേതര രാജ്യത്തെ മതവല്ക്കരിക്കുവാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ പിന്തുണ നല്‍കുകയാണ്. മനുഷ്യനെ മതത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ച് ജനാധിപത്യധ്വസനം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ജനിച്ച നാട്ടില്‍ പൗരത്വം നിഷേധിച്ച് അവരെ തുറുങ്കിലടക്കാന്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കുന്ന ഭരണാധികാരികള്‍ ഇരയെപ്പിടിക്കാന്‍ കെണിയൊരുക്കിയിരിക്കുന്ന വേട്ടക്കാരനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
കത്തിക്കയറുന്ന വിലയറ്റമാണ് മറ്റൊരു ദുരിതം. ഇന്ധനവില തോന്നിയപടി കൂടുമ്പോള്‍ നിത്യോപയോഗ സാധനവില കുതിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസ്സും കൂട്ടിക്കൂട്ടി ഖജനാവ് നിറയ്ക്കുന്നവര്‍ ദാരിദ്ര്യത്തില്‍പ്പെട്ട് നട്ടംതിരിയുന്നവരെ പിഴിഞ്ഞൂറ്റി നീരുകുടിക്കുന്നവരാണ്.
കേരളത്തിലാകട്ടെ അഴിമതിയില്‍ മുങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണമാണ്. ഭരണത്തിന്റെ അന്ത:പുരങ്ങളില്‍ സ്വര്‍ണ്ണവും ലഹരിയും നുരയുന്ന ശബ്ദമാണ് കേള്‍ക്കുന്നത്. എരിവും പുളിവുമുള്ള കള്ളക്കടത്ത് കഥകള്‍ പുസ്തകശാലകളില്‍ ബെസ്റ്റ് സെല്ലറാകുന്നു. ആരോപണങ്ങളുടെ കുന്തമുനകള്‍ തനിക്കുനേരേ ചൂണ്ടുമ്പോഴും നിസംഗ മൗനത്തിലൂടെ മുഖ്യമന്ത്രി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്.
കേരളം ലഹരിക്കടത്തുകാരുടേയും ഗുണ്ടകളുടേയും നാടായി മാറിക്കഴിഞ്ഞു.പട്ടാപ്പകല്‍ മനുഷ്യനെ തെരുവില്‍ വെട്ടി നുറുക്കുകയാണ്. ടി.പി. ചന്ദ്രശേഖരനേയും ഷുഹൈബിനേയും ഷുക്കൂറിനേയും കൃപേഷിനേയും ശരത്ലാലിനേയുമൊക്കെ കൊലപ്പെടുത്തി ആനന്ദ നൃത്തമാടിയവര്ക്ക് ഇതൊന്നും പുതുമയായിരിക്കില്ല.പക്ഷെ സമാധാനകാംഷികളായ സാധാരണക്കാരന് ഭീതിയിലാണ്. തലസ്ഥാന നഗരിയില്‍പ്പോലും ഗുണ്ടകള്‍ വിളയാടുകയാണ്. സ്ത്രീകളുടെ നവേത്ഥാനത്തിന് മതില് കെട്ടാനിറങ്ങിയവരുടെ ഭരണത്തില്‍ ഭരണസിരാകേന്ദ്രത്തില്പ്പോലും സ്ത്രീകള്‍ വേട്ടയാടപ്പെടുകയാണ്.
ലഹരിയുടെ തലസ്ഥാനമായി കേരളത്തെ മാറ്റുന്ന നെറികെട്ട ഭരണമാണ് കേരളത്തിലുണ്ടായത്. څചുക്കുചേരാത്ത കഷായമില്ല എന്നതു പോലെچ സഖാവില്ലാത്ത ഒരു ലഹിരിക്കടത്തും കേരളത്തിലില്ല. ഇതില്‍ മാത്രമല്ല സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും മണ്ണും മണലും കൊള്ളയടിക്കുന്നതിലുമൊക്കെ ഇടതുപക്ഷക്കാര്‍ മാത്രമാണുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ ലഹരിയാണ് ദിവസവും പിടിക്കപ്പെടുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും ലഹരി മാഫിയ അവരുടെ ഇരകളാക്കുന്നു.
ലഹരിക്കെതിരെ വിവരം നല്കാന് څയോദ്ധാവ്چ എന്ന പദ്ധതി ഉണ്ടാക്കി. പരാതി പറഞ്ഞവരുടെ വിവരങ്ങള്‍ ശേഖരിച്ചുവച്ച് അപ്പോള്‍തന്നെ ലഹരി മാഫിയക്ക് കൈമാറി. വിവരം കൈമാറിയ അമ്മയും മകളും അടിയേറ്റ് ആശുപത്രിയിലാണ്. ഇതിനെല്ലാം ഉത്തരവാദി ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭരണപക്ഷ സംഘടനയുടെ യോഗത്തില്‍ പറഞ്ഞത് സര്‍ക്കാര്‍ ജീവനക്കാര്‍ അത്ര പോരാ എന്നാണ്. അത് ഭരണ കക്ഷിയില്‍പ്പെട്ടവരെ കുറിച്ചായിരിക്കും. കാരണം കേരളത്തിലെ സിവില്‍ സര്‍വ്വീസ് എന്താണെന്നും അത് എങ്ങനെയാണെന്നും അറിയണമെങ്കില്‍ നിപ്പയും കോവിഡും പ്രളയവും വന്നപ്പോള്‍ അവര്‍ ഈ നാടിനായി ചെയ്ത സേവനങ്ങള്‍ ഓര്‍മ്മിക്കണം. ലോകം പ്രകീര്‍ത്തിക്കുന്ന കേരള മോഡല്‍ വികസനം യാഥാര്‍ത്ഥ്യമാക്കിയതില്‍ ജീവനക്കാരുടെ പങ്ക് വിസ്മരിക്കുന്നവര്‍ കണ്ണുകളില്‍ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണം കൊണ്ടുമാത്രം ട്രഷറി പൂട്ടാത്ത സര്‍ക്കാരാണിന്ന് കേരളത്തിലുള്ളത്. ജീവനക്കാരുടെ 2021 മുതലുള്ള 4 ഗഡു ക്ഷാമബത്ത കൊടുത്തിട്ടില്ല. ശമ്പള പരിഷ്ക്കരണത്തിന്റെ കൂടിശ്ശിക കൊടുത്തിട്ടില്ല. ഭവന വായ്പയില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകി. ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നയാ പൈസ വിഹിതമായി നല്കാന് സര്‍ക്കാര്‍ തയ്യാറല്ല. ആ പദ്ധതിയില്‍ ആവശ്യത്തിന് ആശുപത്രിയുമില്ല.. ചികിത്സയുമില്ല. ചികിത്സ കൊടുത്ത ആശുപത്രികളാകട്ടെ അതിന്റെ പണം കിട്ടാന്‍ നെട്ടോട്ടമോടുകയാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അഭിപ്രായപ്പെട്ടു കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഏറ്റവുമധികം വഞ്ചിച്ചത് പങ്കാളിത്ത പെന്‍ഷന്‍കാരെയാണ്. അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്ഷന് പിന്വലിന്നുമെന്ന് പ്രകടന പ്രതികയില്‍ എഴുതിച്ചേര്‍ത്തവര്‍ രണ്ടാംവട്ടം അധികാരത്തില്‍ വന്നിട്ടും അതെല്ലാം സൗകര്യപൂര്‍വ്വം മറക്കുകയാണ്. അതുമാത്രമല്ല പങ്കാളിത്ത പെന്ഷന് പുന:പരിശോധന കമ്മിറ്റിയുടെ റിപ്പോര്‍ട്ടു പോലും പൂഴ്ത്തിവച്ച് കൊടിയ വഞ്ചനയാണ് നടത്തുന്നത്. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിസിആര്‍ജി കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14% സര്‍ക്കാര്‍ വിഹിതമായി നല്കുന്നുണ്ടെങ്കില് കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് 10% മാത്രമാണ് ഇപ്പോഴും. ഇതാണോ നീതി ഇതാണോ ന്യായം എന്ന് തൊഴിലാളി പ്രേമം നടിക്കുന്ന ഇടതു ഭരണക്കാര്‍ വ്യക്തമാക്കണം. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ യാതൊരു തടസ്സവും ഇല്ല എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തെളിയിച്ചിട്ടുണ്ട്. രാജസ്ഥാനും ഛത്തീസ്ഗഡും ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ പിണറായി വിജയന് തയ്യാറാകണം.
ഭരിക്കാനറിയാത്തവന്റെ കയ്യില്‍ തുടര്‍ഭരണം കൂടികിട്ടിയാല്‍ എന്ത് സംഭവിക്കും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളം. വികസന പദ്ധതി പ്രഖ്യാപിക്കും. കണ്‍സള്‍ട്ടന്‍സിയെ പഠനത്തിന് നിയോഗിച്ച് കോടികള്‍ നല്‍കും. കുറച്ചു കഴിഞ്ഞ് പദ്ധതി പിന്‍വലിക്കും. ചെലവഴിച്ച പണം പൊതു ഖജനാവിന് നഷ്ടം.
കഴിഞ്ഞ 5 വര്‍ഷക്കാലം കിഫ്ബി യുഗമായിരുന്നു. എന്തെടുത്താലും കിഫ്ബി ഏതെടുത്താലും കിഫ്ബി എന്ന അവസ്ഥ. ശൗചാലയം മുതല്‍ സ്പേയ്സ് പാര്‍ക്കുവരെ നിര്‍മ്മിക്കാനുണ്ടാക്കിയ കിഫ്ബിയെ ഇപ്പോള്‍ പുരപ്പുറത്ത് ഉണങ്ങാനിട്ടിരിക്കുകയാണ്. ‘പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല’ എന്ന കുഞ്ചന്നമ്പ്യാര് പാടിയതു പോലെ കിഫ്ബിക്കിപ്പോള് പഴയ ശൗര്യമില്ല. ഇ.ഡി എന്തൊക്കെയോ ചോദിച്ചത്രേ. അതില്‍പ്പിന്നെ കിഫ്ബി വേണ്ടേ വേണ്ട
കേരളത്തിന്റെ പൊതുകടം നാലുലക്ഷം കോടിയോട് അടുത്തു കഴിഞ്ഞു. ഈ നാട്ടില്‍ ജനിച്ചു വഴുന്ന ഓരോ കൂട്ടിയും ഒരു ലക്ഷം രൂപയുടെ കടക്കാരനായാണ് പിറന്നു വീഴുന്നത്. സര്‍ക്കാരിന്റെ വരുമാനമത്രയും പലിശ നല്കാന് ചെലവഴിക്കേണ്ടിവരും.
കടമെടുക്കും ധൂര്‍ത്തടിക്കും പലിശ നല്‍കും വീണ്ടും കടമെടുക്കും. ധനമന്ത്രി ബാലഗോപാലന് മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയ്ക്കും പഴയതുപോലെ മിണ്ടാട്ടമില്ല. വല്ലതും മിണ്ടി ആരെങ്കിലും ശത്രുവായാല്‍ സത്യം വിളിച്ചു പറഞ്ഞാലോ. അതു കൊണ്ട് ചോദ്യം ഏതുമാകട്ടെ. ഉത്തരം മഴയുണ്ടോ? മഞ്ഞുണ്ടോ ? തണുപ്പുണ്ടോ? എന്നൊക്കെയായിരിക്കും.
പണം കടമെടുക്കുന്നതും ധൂര്‍ത്തടിക്കുന്നതും സര്‍ക്കാര്‍. പക്ഷെ സാമ്പത്തിക പ്രതിസന്ധിക്ക് മൊത്തം കാരണക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണത്രേ. പത്തു ലക്ഷം
കോടിയോളം മൊത്തം ആഭ്യന്തര ഉത്പ്പാദനമുള്ള സംസ്ഥാനത്ത് നാല്‍പ്പതിനായിരം കോടിയാണ് ജീവനക്കാര്‍ക്ക് ശമ്പളത്തിനും പെന്‍ഷനുമായി വേണ്ടി വരുന്നത്. ഇതില്‍ ഏറ്റവും അധികം തുക സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണെന്ന് മറക്കരുത്. വിദ്യാഭ്യാസമാണ് നമ്മുടെ വികസനത്തിന്റെ കാതല്‍. രണ്ടാമത് ആരോഗ്യ രംഗം. അവിടെ ക്ലീനര്‍ മുതല്‍ ഡോക്ടര്‍ വരെയുള്ളവരെ വേണ്ടെന്നു വച്ചാല്‍ എന്താണ് അവസ്ഥ. പോലീസും എക്സൈസും ഫയര്ഫോഴ്സുമുള്പ്പെടെയുള്ള സേനകള്‍, റവന്യൂ വരുമാനത്തിന്റെ ചുമതലയുള്ള റവന്യൂ വകുപ്പ്, ജി.എസ്.ടി വകുപ്പ് ഇതില്‍ ഏത് വകുപ്പിനെയാണ് നമുക്ക് ഒഴിവാക്കാന്‍ പറ്റുക. അപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന പണം സര്‍ക്കാരിന്റെ പ്രവര്‍ത്തന ചെലവാണെന്നത് തുറന്നു പറയണം.
കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കേരള എന്‍.ജി.ഒ അസോസിയേഷന് ഈ നാട്ടിലെ എല്ലാ ജീവനക്കാരുടേയും പ്രതീക്ഷയായി മാറുന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് നാമിന്ന് സാക്ഷിയാകുന്നത്. ഭരണകൂടത്തിന്റെ നെറികേടുകള്‍ തുറന്നു കാട്ടാനും നീതിയ്ക്കായി സമരമുഖങ്ങള്‍ തുറക്കാനും അസോസിയേഷനു മാത്രമേ കഴിയുകയുള്ളു. ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരോട് മാപ്പു പറയണം. യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അനാവശ്യ സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ അവകാശങ്ങള്‍ ചോദിക്കാന്‍ കെല്‍പ്പില്ലാതെ ആള്കൂട്ടമായി മാറിയിരിക്കുന്നു.
കേരളത്തില്‍ സിവില്‍ സര്‍വ്വീസിന്റെ അന്തക സര്‍ക്കാരാണ് ഭരിക്കുന്നത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. രാഷ്ട്രീയ പ്രേരിതമായി ജീവനക്കാരെ സ്ഥലം മാറ്റുന്നു. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു. ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വകുപ്പുള്‍പ്പെടെ അഞ്ചു വകുപ്പുകളെ ഒന്നിച്ചു ചേര്‍ത്ത് ജീവനക്കാരുടെ പ്രൊമോഷന് സാധ്യതകളെ അട്ടിമറിക്കുന്നു.
ഈ സാഹചര്യത്തില്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ സന്ധിയില്ലാത്ത സമരത്തിന് കേരള എന്‍.ജി.ഒ അസോസിയേഷന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉദയസൂര്യന് സ്വാഗതവും ട്രഷറര്‍ എ.എം. ജാഫര്‍ഖാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എം. വിന്‍സെന്റ് എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍സ്പീക്കറുമായ എന്‍. ശക്തന്, ജനറല്‍ സെക്രട്ടറിമാരായ റ്റി.യു. രാധാകൃഷ്ണന്, കെ. ജയന്ത്, മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്,സെറ്റോ ജനറല്‍ കണ്‍വീനര്‍ സി. പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതിനിധി സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനില്‍ സ്വാഗതവും എം.ജെ. തോമസ് ഹെര്‍ബിറ്റ് നന്ദിയും പ്രകാശിപ്പിച്ചു. എം.എല്‍.എ മാരായ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സി.ആര്. മഹേഷ്, മാത്യു കുഴല്നാടന്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.റ്റി. ബല്‍റാം എന്നിവര്‍ സംസാരിച്ചു.