എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി ഹൈക്കമാൻഡ്

ന്യൂഡൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നികും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുനൻ ഖാർഗെയ്ക് റിപ്പോർട്ട് നൽകി. രാവിലെ ഖാർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ വ്യാജമാണെന്ന് മുകുൾ വാസ്നിക് പറഞ്ഞു. പ്രചരിച്ചത് ഹൈക്കമാൻഡ് നിരീക്ഷകർ രേഖപ്പെടുത്തിയ വിവരങ്ങളുടെ ചിത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുകുൾ വാസ്നികിന്റെ കൈവശമുള്ള പട്ടിക എന്ന നിലയിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നാണ് സൂചന. എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ ലിസ്റ്റാണ് ചിത്രത്തിലുള്ളത്.
പട്ടികയിൽ പത്തോളം എംഎൽഎമാരുടെ പേരുകളാണ് കാണാൻ കഴിയുന്നത്. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ സി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎൽഎമാരുടെ പേരുകളാണ് ഇതിലുള്ളത്. ഐ സി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന. പട്ടികയിൽ ഒന്നാമനായുള്ള കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. എഐസിസി നിരീക്ഷകരുടെ പട്ടികയിൽ തന്റെ വോട്ട് കാണാത്തതിൽ ഉദുമ നിയുക്ത എംഎൽഎ കെ നീലകണ്ഠൻ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.