ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു

പാറശാല ഷാരോൺ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ​ഗ്രീഷ്മ. ഷാരോൺ കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്ത് കുറ്റപത്രം സമർപ്പിക്കുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *