തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച് വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്.
അരുവിക്കര ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് വൈകിട്ട് 3.30ന് 20 സെന്റിമീറ്റർ വീതം കൂടി (നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 120 സെന്റീമീറ്റർ ) ഉയർത്തുമെന്നാണ് അറിയിപ്പ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് വടക്കോട്ട് നീങ്ങി അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്. ഇക്കാരണത്താലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.