അഡ്വ.സൈബി ജോസ് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയിരുന്നതായി അന്വേഷണ സംഘം ; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

കൊച്ചി: കൈക്കൂലി ആരോപണം നേരിടുന്ന അഡ്വ.സൈബി ജോസ് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയിരുന്നതായി അന്വേഷണ സംഘം.സൈബിക്കെതിരായ എഫ്.ഐ.ആര്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ക്കായി അന്വേഷണസംഘം ഇന്ന് യോഗം ചേരും. ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഇന്നലെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
സൈബി ജോസ് കിടങ്ങൂര്‍ ജഡ്ജിമാരില്‍ നിന്നും അനുകൂല വിധി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയെന്ന് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. 2020 ജൂലൈ മുതല്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇത്.
അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിരുന്നത്. എ.ഡി.ജി.പി ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ എസ് സുദര്‍ശനന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണ സംഘത്തിന്റെ യോഗവും ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത.
നേരെത്തെ ഹൈക്കോടതി വിജിലന്‍സ് , കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷമാവും മറ്റു നടപടികളിലേക്ക് കടക്കുക. ആദ്യ ഘട്ടത്തില്‍ കൈക്കൂലി നല്‍കി എന്ന് പറയപ്പെടുന്നവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. അതിനുശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യുക. ആരോപണത്തില് കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റു മുണ്ടാകും. കേസെടുത്ത സാഹചര്യത്തില്‍ സൈബി ജോസ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചേക്കും