‘നമ്പറാണ് പ്രധാനം’; കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ പ്രതികരണവുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ നിർണായകമാണെന്ന സൂചന നൽകി കെപിസിസി അധ്യക്ഷനും നിയുക്ത എംഎൽഎയുമായ സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനമാണ് എംഎൽഎമാരുടെ പിന്തുണയെന്നും നേതാക്കൾ സമവായത്തിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ ഒരു പക്ഷത്തിനും പിന്തുണ നൽകിയിട്ടില്ലെന്നും എഐസിസി നിരീക്ഷകർക്ക് മുന്നിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ ശരിയല്ലെന്നും, നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ നമ്പറുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നേതൃത്വം ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തകരുടെ പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും നേതാക്കൾ നിയന്ത്രിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ പാർട്ടിക്കുള്ളിൽ നിയന്ത്രിതമായ രീതിയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം സണ്ണി ജോസഫിന് പുറമെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും കെ സി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തലയ്ക്ക് എംഎൽഎമാരുടെ പിന്തുണയിൽ തിരിച്ചടിയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ചെന്നിത്തലയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും കെ സി വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനപ്രിയ നേതാവെന്ന നിലയിൽ ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചതായും റിപ്പോർട്ടിലുണ്ട്. സതീശനും ചെന്നിത്തലയും എഐസിസി നിരീക്ഷകരെ നേരിൽ കണ്ട് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.