പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ എസ്.ഐയും ഇടനിലക്കാരനും റിമാന്‍ഡില്‍

കോഴിക്കോട്: പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ എസ്.ഐയും ഇടനിലക്കാരനും റിമാന്‍ഡില്‍.വഞ്ചനക്കേസ് പ്രതിയില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഇവര പിടികൂടിയത്വി .ജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായ മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി സുഹൈല്‍ (36), ഏജന്‍റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

2017ല്‍ മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസിലെ പ്രതിയായ പരാതിക്കാരന് 2019ല്‍ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കോവിഡ് കാരണം ജാമ്യവ്യവസ്ഥ ലഘൂകരിക്കാന്‍ പരാതിക്കാരന്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കി. ഇതിനിടെ മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവില്‍ പോയ എസ്.ഐ സുഹൈല്‍ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍

പരാതിക്കാരനെതിരെ വേറെയും വാറന്റുകള്‍ ഉണ്ടെന്നും ഐഫോണ്‍-14 നല്‍കിയാല്‍ സഹായിക്കാമെന്നും ആവശ്യപ്പെട്ടുവെന്നാണ് കേസ്.

ഇതുപ്രകാരം കഴിഞ്ഞ ജനുവരി രണ്ടിന് പരാതിക്കാരന്‍ ഐഫോണ്‍-14 വാങ്ങി സുഹൈല്‍ നിര്‍ദേശിച്ചപ്രകാരം ഏജന്‍റ് മുഹമ്മദ് ബഷീറിനെ ഏല്‍പിച്ചു. എന്നാല്‍, കറുത്ത നിറത്തിലുള്ള ഫോണ്‍ വേണ്ടെന്നും നീല നിറത്തില്‍ 256 ജി.ബിയുള്ള ഐഫോണ്‍-14 തന്നെ വേണമെന്നും സുഹൈല്‍ നിര്‍ബന്ധംപിടിച്ചു. കൂടാതെ, മൂന്നര ലക്ഷം രൂപകൂടി വേണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ സാവകാശം വേണമെന്നും നീല ഐഫോണ്‍ വേഗം നല്‍കാമെന്നും പരാതിക്കാരന്‍ അറിയിച്ചു. കറുത്ത ഫോണ്‍ ഏജന്‍റ് മുഖേന സുഹൈല്‍

ജനുവരി നാലിന് തിരിച്ചുനല്‍കി. പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ ബന്ധപ്പെടുകയും അദ്ദേഹം വിജിലന്‍സ് വടക്കന്‍ മേഖല എസ്.പി പ്രജീഷ് തോട്ടത്തിലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. 24ന് നീല ഐഫോണ്‍ ഇരിങ്ങാലക്കുടയിലുള്ള ഏജന്‍റ് ഹാഷിം വശം കൊടുത്തയച്ചു. കൈക്കൂലിയായി മൂന്നര ലക്ഷം രൂപയിലെ ആദ്യ ഗഡുവായ അര ലക്ഷം ബഷീറിന്‍റെ പക്കല്‍ ഏല്‍പിക്കുന്നതിനിടെ ബഷീറിനെയും തുടര്‍ന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അഡ്വ. വി.കെ. ഷൈലജന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *