റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
പിടിയിലായത് പത്തനാപുരം സ്വദേശി

തമിഴ്നാട്ടിലെ തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതി റെയില്‍വേ പോലീസിന്റെ പിടിയില്‍. മലയാളിയാണ് പ്രതി. കൊല്ലം പത്തനാപുരം കുന്നിക്കോട് സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. നേരത്തെയും ഇയാള്‍ കുന്നിക്കോട് സ്റ്റേഷനില്‍ ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട് . ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.
പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്. പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പെയിന്റുള്ള ചെരുപ്പാണ് അക്രമി പെയിന്റിംഗ് തൊഴിലാളിയാണ് എന്ന അനുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.
തെങ്കാശിയിലെ റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനിയെയാണ് മൂന്ന് ദിവസം മുമ്പ് ഇയാള്‍ ആക്രമിച്ചത്. അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്.