ലൈംഗികാവശ്യം നിരസിച്ചതിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകള്‍ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടില്‍, ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ പ്രതി പരപുരുഷ ബന്ധം ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.

അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. റൂമില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഭാര്യയുടെ സ്വര്‍ണാഭരണം ഊരിയെടുത്ത് മണ്ണാര്‍ക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ കളവിനും കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം തീയിട്ട് നശിപ്പിക്കാന്‍ നോക്കിയതിനും കേസുകള്‍ നിലവിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *