ബിജെപി നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ മറുതന്ത്രവുമായി കോണ്‍ഗ്രസ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വൈകീട്ട് സന്ദര്‍ശിക്കും. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരന്‍ കൂടിക്കാഴ്ച നടത്തും.

ഈസ്റ്ററിലെ സ്‌നേഹയാത്രയും വിഷുക്കൈനീട്ടവുമായി ബിജെപി അരമനയിലേക്കും വിശ്വാസികളുടേ വീടുകളിലേക്കും ഇറങ്ങിയിട്ടും മറുതന്ത്രങ്ങളിലെന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ ശക്തം. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങളില്‍ കടുത്ത ആശങ്കയാണ് എ ഗ്രൂപ്പ് പങ്ക് വെച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഒടുവില്‍ മറുനീക്കം. മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ അറിയാനാണ് സുധാകരന്റെ ദൗത്യം. ബിജെപി നീക്കങ്ങള്‍ക്ക് പിന്നാലെ ചില സഭാഅധ്യക്ഷന്മാര്‍ മോദി ചായ്‌വ് പ്രകടിപ്പിക്കുന്നിനെ പാര്‍ട്ടി അതീവ ഗൗരവത്തോടെ കാണുന്നു. 20 ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി സഭയെ കൂടെ നിര്‍ത്താനുള്ള തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.

കോണ്‍ഗ്രസ്സിനും സഭക്കും ഇടയില്‍ ഏറെ നാളായി അകല്‍ച്ച കൂടുതലാണ്. ഉമ്മന്‍ചാണ്ടി ആരോഗ്യപ്രശ്‌നങ്ങളായ സജീവമല്ലാത്തത് ഒരു കാരണം. പുതിയ പാര്‍ട്ടി നേതൃത്വം സഭാ അധ്യക്ഷന്മാരുമായി നല്ല ബന്ധം പുലര്‍ത്താത്താന്‍ താല്‍പര്യമെടുക്കുന്നില്ലെന്ന പരാതിയും സഭക്കുണ്ട്. മറുവശത്ത് സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി അടുപ്പം തുടരുന്ന സാഹചര്യവുമുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം ഉയര്‍ത്തി ബിജെപിക്ക് തടയിടാന്‍ മുഖ്യമന്ത്രി ഇറങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ്സും കൂടുതല്‍ ഇടപെടുന്നതോടെ സഭയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയനീക്കം ഇനി കൂടുതല്‍ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *