ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭത്തിനിടെ ഇന്ത്യാ സഖ്യത്തിലെ എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഒത്തുചേരുന്ന എംപിമാർ രാത്രി എട്ട് മണിയോടെ രാഷ്ട്രപതിയെ കാണും. ദേശീയ തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് ഈ നീക്കം. എംപിമാർ നേരത്തെ രാജ്ഘട്ട് സന്ദർശിച്ചിരുന്നു.

വോട്ടർ പട്ടിക പുതുക്കുന്നതിൽ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംപിമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ രാജി ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തള്ളി. ഇതിനിടെ, ഡൽഹിക്ക് പുറത്തേക്കും പ്രതിഷേധങ്ങൾ വ്യാപിക്കുകയാണ്. ബീഹാറിലെ പാട്നയിൽ മുതിർന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയാണ്.

ഇന്ത്യാ സംഖ്യത്തിന്റെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു.പ്രതിഷേധം തുടരുന്നതിനിടെ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ കേസുകൾ ഉണ്ടാകാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, സർക്കാർ ജോലി തടസ്സപ്പെടുത്തൽ, പൊലീസിനോട് മോശമായി പെരുമാറി എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകളും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.