വന്ദേഭാരതില്‍ പോസ്റ്റര്‍: അഞ്ചുപേര്‍ അറസ്റ്റില്‍

വന്ദേഭാരത് ട്രെയിനില്‍ എംപിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച കേസില്‍ 5 പേരെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയില്‍വേ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി, 1000 രൂപ വീതം പിഴ ഈടാക്കി.

കോടതി പിരിയുംവരെ 5 പേരേയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. താവളം ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ (44), നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍ (19), കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ് (19), കൂട്ടാല മുട്ടിച്ചിറ എം.കിഷോര്‍ കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. വന്ദേഭാരത് എക്‌സ്പ്രസ് കന്നിയാത്രയില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണു കോച്ചുകളില്‍ പോസ്റ്റര്‍ കണ്ടത്.

സംഭവം രാഷ്ട്രീയ വിവാദമാകുകയും ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ഇവരെ വിളിപ്പിച്ചു തെളിവെടുപ്പു നടത്തിയ ശേഷം അറസ്റ്റ് ചെയ്ത് റെയില്‍വേ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *