താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അഡ്വ വിഎം ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37 പേരെന്ന് ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ഈ വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്ന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു

ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ എന്ന് കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നുവെന്നും അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ മരിച്ചയാളുടെ അമ്മ നല്‍കിയ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

പെരുന്നാള്‍ സമയത്ത് ബോട്ട് സര്‍വീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു എന്ന് താനൂര്‍ മുനിസിപ്പാലിറ്റി കോടതിയില്‍ പറഞ്ഞു. നിര്‍ത്തി വെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചുവെന്നും മുനിസിപ്പാലിറ്റി കുറ്റപ്പെടുത്തി. ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാന്‍ സാധിക്കുമെന്ന് എഴുതി വെക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വ വിഎം ശ്യാംകുമാറിനെ നിയമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *