അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ഞായറാഴ്ച ഫിലാല്‍ഡല്‍ഫിയയിലുണ്ടായ ആക്രമണത്തില്‍ കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ദീര്‍ഘകാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് മരിച്ച ജൂഡ്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജൂഡിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റത് എന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ഫിലാഡല്‍ഫിയയില്‍ തന്നെ സംസ്‌കരിക്കും.

അതേസമയംതോക്ക് ആക്രമണങ്ങള്‍ തുടക്കഥയായ അമേരിക്കയില്‍ മേയ് ആറിന് മറ്റൊരു അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ കുട്ടികളടക്കം ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 3.36നായിരുന്നു ടെക്സാസിലെ അല്ലെന്‍ പ്രീമിയം ഔട്ട്ലെറ്റ് മാളില്‍ വെടിവയ്പ്പുണ്ടായത്.വെടിയുതിര്‍ത്തയാളെ പൊലീസ് കൊലപ്പെടുത്തി. പ്രകോപനമൊന്നുമില്ലാതെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല

 

Leave a Reply

Your email address will not be published. Required fields are marked *