റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ പി ജയരാജനല്ല, തന്നെ മറികടന്ന് വകുപ്പ് ഭരിക്കാന്‍ നോക്കിയവര്‍: ഇപി ജയരാജന്‍

വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരായ പരാതിക്ക് പിന്നില്‍ പി ജയരാജനല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. പാര്‍ട്ടിക്കകത്ത് ഒരു പരാതിയും ഉയര്‍ന്നില്ലെന്നും അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞ പി ജയരാജന്‍ രണ്ട് ദിവസം മുന്‍പും തന്റെ വീട്ടില്‍ വന്നിരുന്നുവെന്നായിരുന്നു ഇപിയുടെ മറുപടി. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങള്‍ തമ്മില്‍ പരസ്പരം വെറുക്കേണ്ടത്. ജയരാജന്‍ എന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. എന്നാല്‍ വിവാദം ഉണ്ടാക്കിയതിന്റെ കേന്ദ്രങ്ങള്‍ തനിക്കറിയാമെന്ന് പറഞ്ഞ അദ്ദേഹം അതിന് പിന്നില്‍ താന്‍ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഭരിക്കാന്‍ നോക്കിയവരാണെന്നും പറഞ്ഞു. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പൊലീസ് നയം തീരുമാനിക്കുന്നത് പി ശശിയല്ല. അത് തെറ്റായിട്ടുള്ള കാര്യമാണ് ആ പറയുന്നത്. അതൊക്കെ സര്‍ക്കാരിനെ ചെറുതാക്കാന്‍ പറയുന്നതാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ശശി. അദ്ദേഹം തന്റെ ചുമതലയാണ് ശശി നിര്‍വഹിക്കുന്നത്. സര്‍ക്കാരിന്റെ നയമാണ് നടപ്പാക്കുന്നത്. തെറ്റായി ശശിയെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിരോധിച്ചത് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നത് കൊണ്ടാണ്. സെക്യൂരിറ്റിയുണ്ടെന്ന് കരുതി പിബി അംഗമായ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നത് കൈയ്യും കെട്ടി നോക്കിനില്‍ക്കുമോ താന്‍? ഇത്തരം സംഭവമുണ്ടെങ്കില്‍ ഇനിയും പ്രതിരോധിക്കും. എന്റെ കണ്‍മുന്നില്‍ വെച്ച് പാര്‍ട്ടി സഖാക്കളെ ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. അതിനി ബോംബാക്രമണമായാലും വെടിവെപ്പായാലും തരക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് നേരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പൊലീസിന് കിട്ടിയ പരാതിയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെ കേസെടുത്തത് മാത്രമാണ്. ഗൂഢാലോചന പറഞ്ഞിരിക്കുന്നത് ഒരു പരാതിയിലാണ്. ആ പരാതി അന്വേഷിച്ച് അടിസ്ഥാനമില്ലെങ്കില്‍ പിന്നെ കേസുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *