“യുഡിഎഫിന്റെ വിജയം മിടുക്കുകൊണ്ടല്ല; വി ഡി സതീശനോട് വിയോജിപ്പ് തുടരുന്നു”ജി സുകുമാരൻ നായർ

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് ചിലർ അവകാശപ്പെടുന്നതുപോലെ അവരുടെ മിടുക്കിന്റെ ഫലമല്ലെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനങ്ങൾ പൊറുതിമുട്ടി മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്തതിന്റെ പ്രതിഫലനമാണ് ഫലമെന്നും അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിച്ചതായും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ ഫലമെന്നതിനേക്കാൾ രാഷ്ട്രീയത്തിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പ്രകടനമാണെന്ന് സുകുമാരൻ നായർ വിലയിരുത്തി. യുഡിഎഫ് ആരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാലും എൻഎസ്‌എസിന് യാതൊരു എതിർപ്പുമില്ലെന്നും കഴിവും പരിചയവും ഉള്ളവരെയാകണമെന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം കോൺഗ്രസ് കേന്ദ്രനേതൃത്വം എടുക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.

വി ഡി സതീശനോടുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും എൻഎസ്‌എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളിൽ ഇപ്പോഴും വിയോജിപ്പ് നിലനിൽക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

നായർ സമൂഹത്തോട് സമദൂരത്തിൽ വോട്ട് ചെയ്യാനാണ് നിർദ്ദേശിച്ചതെന്നും ആരെയെങ്കിലും ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ എൻഎസ്‌എസ് പറഞ്ഞിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഭരണമാറ്റം ആവശ്യമാണ് എന്ന നിലപാട് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അന്ന് വിമർശനങ്ങൾ നേരിട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സർക്കാരിൽ നിന്ന് അനധികൃതമായി ഒന്നും നേടാനുള്ള താത്പര്യമില്ലെന്നും ആവശ്യമായ കാര്യങ്ങൾ ലഭിക്കാതിരുന്നാൽ നിയമപരമായി കോടതിയെ സമീപിച്ച് നേടിയെടുത്തിട്ടുണ്ടെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.