നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രിക്കായി അബിന്‍ ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയില്‍

കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടര്‍ന്നാണ് ഓറിയോണിന്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിന്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാര്‍ത്ഥി അല്ലാതായാല്‍ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയത്.
അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ഓറിയോണ്‍ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പില്‍ അറസ്റ്റിലായതോടെ ഉടമ സജു ശശിധരന് സ്ഥാപനം 2022 ല്‍ പൂട്ടി. ഓറിയോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ചത് എവിടെ വെച്ചൊണെന്ന് കണ്ടെത്താനാണ് ശ്രമം.
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കണ്‍ട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെല്‍ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.