നിയമസഭാ കയ്യാങ്കളി കേസ്; വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം

തിരുവനന്തപുരം:നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കി.

2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നതിനായി കോടതി ചേര്‍ന്നപ്പോഴാണ് പുനഃരന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.

സഭയിലെ കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം എല്‍ എമാരായ ജമീല പ്രകാശവും കെ കെ ലതികയും കോടതിയെ സമീപിച്ചിരുന്നു. പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് കോടതിയോട് വ്യക്തമാക്കി.

അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ക്രൈം ബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. കോടതിയില്‍ വായിച്ചനിലവിലെ കുറ്റപത്രം പിന്‍വലിക്കുകയാണോയെന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു.

അന്വേഷണം നടത്തി പുതിയ തെളിവുകള്‍ ലഭിക്കുന്നതിന് മുന്‍പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.തുടര്‍ന്ന് തുടരന്വേഷണമാണ് ആവശ്യമെന്നും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ജമീല പ്രകാശം, കെ കെ ലതിക, കേസിലെ പ്രതികളും മുന്‍ എം എല്‍ എമാരുമായ കെ അജിത്, കെ ടി ജലീല്‍, സി കെ സദാശിവന്‍ എന്നിവര്‍ വിവിധ കോടതികളില്‍ നല്‍കിയ ഹര്‍ജികളില്‍ ഒരുമിച്ച് വാദം കേള്‍ക്കണോയെന്നാണ് കോടതി പരിഗണിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *